ഈരാറ്റുപേട്ട: ചാനൽ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പ്രസ്താവനയുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ മുൻകൂർ ജാമ്യഹർജി നൽകി പി.സി.ജോർജ്. സംഭവത്തിൽ പി.സി.ജോർജ് മാപ്പുപറഞ്ഞതാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഷോൺ ജോർജ് പറഞ്ഞു.
പി സി ജോർജ് പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പുപറഞ്ഞതാണ്, അതിലപ്പുറം എന്താണ് ഒരാൾക്ക് ചെയ്യാനാവുക. മാപ്പ് അംഗീകരിക്കാതെ അതിനെ ഏതുവിധേനയും സജീവ വിഷയമായി കൊണ്ടുനടക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. നാട്ടിൽ മത സ്പർധ വളർത്തുന്ന അത്തരക്കാരെയും അവരുടെ പ്രവർത്തനങ്ങളെയും രാഷ്ട്രീയപ്പാർട്ടിയുടെ അംഗമെന്ന നിലയിലും രാജ്യസ്നേഹി എന്ന നിലയിലും നിയമപരമായി നേരിടുമെന്നും ഷോൺ ജോർജ് പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിങ്ങള്‍ മുഴുവൻ വർഗീയവാദികളാണെന്നും അവർ പാകിസ്താനിലേക്ക് പോകണമെന്നുമാണ് ചാനൽ ചർച്ചയിൽ പി.സി. ജോർജ് പറഞ്ഞത്. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.