മിഥുൻ നാഥ്
സ്വയം കുഴി കുഴിച്ച് അതില്‍ വീഴുക എന്ന് കേട്ടിട്ടുണ്ട്. ഇന്ത്യന്‍ക്രിക്കറ്റ് ടീം സത്യത്തില്‍ അതാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. നാട്ടില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ സ്പിന്‍ കുഴികള്‍ ഉണ്ടാക്കി എതിരാളികെ എറിഞ്ഞ് വീഴ്ത്തുക. കഴിഞ്ഞ കുറേക്കാലമായി പരീക്ഷിച്ച് വിജയിക്കുന്ന തന്ത്രം. എന്നാല്‍ ഇത്തവണ ന്യൂസിലന്റിനെതിരെ അത് പൂര്‍ണമായും പാളി.
ഇടയ്ക്ക് ടെസ്റ്റുകള്‍ തോല്‍ക്കുമെങ്കിലും അത് പരമ്പര നഷ്ടത്തിലേക്ക് പോയിരുന്നില്ല. ഇത്തവണ അതും സംഭവിച്ചു. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വന്തം നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. തുടര്‍ച്ചയായി 18 പരമ്പരകള്‍ വിജയിച്ച ശേഷം. ന്യൂസിലന്റ് ഇന്ത്യയ്ക്കെതിരെ ഇന്ത്യയിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് പൂനെയില്‍ ആഘോഷിച്ചത്. 1955 മുതല്‍ ഇന്ത്യയില്‍ ടെസ്റ്റ് കളിക്കുന്ന കീവികള്‍ അങ്ങനെ പരമ്പര നേടി പുതിയ ചരിത്രം കുറിച്ചിരിക്കുന്നു.
ന്യൂസിലന്‍ഡിനെ സംബന്ധിച്ച് അനുകൂല ഘടകങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ടോം ലാഥം എന്ന പുതിയ നായകന്. സ്റ്റാര്‍ ബാറ്റര്‍ കെയിന്‍ വില്യംസണ് ടീമില്‍ ഇല്ല. ലാഥവും സൗത്തിയും കഴിഞ്ഞാല്‍ പരിചയസമ്പന്നര്‍ ആരും തന്നെ ഇല്ലാത്ത ഒരു ടീമുമായെത്തിയാണ് ഇന്ത്യയെ ഇന്ത്യയില്‍ തകര്‍ത്തെറിഞ്ഞിരിക്കുന്നത്.
മറുവശത്ത് ഇന്ത്യ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയിട്ട് അധികമായില്ല. അതിന്റെ അമിത ആത്മവിശ്വാസവുമായിട്ടാണ് രോഹിതും കൂട്ടരും ഇറങ്ങിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സ് മുതല്‍ ഇന്ത്യ നാണം കെട്ട് തുടങ്ങി.
ആദ്യദിനം പൂര്‍ണായും മഴയെടുത്തപ്പോള്‍ രണ്ടാം ദിനത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് വെറും 31.2 ഓവറില്‍ 46 റണ്‍സിന് പുറത്തായി. നാട്ടിലെ ഇന്ത്യയുടെ ഏറ്റവും മോശം ടെസ്റ്റ് സ്കോര്‍. രണ്ടാം ഇന്നിംഗ്സില്‍ തിരിച്ച് വരവ് നടത്തിയെങ്കിലും തോല്‍വിയെ തടയാനായില്ല. എട്ട് വിക്കറ്റിന് തോറ്റു, ഇന്ത്യയില്‍ 36 വര്‍ഷത്തിന് ശേഷമുള്ള കീവികളുടെ ആദ്യ ടെസ്റ്റ് ജയമായിരുന്നു അത്.
പൂനെ ടെസ്റ്റിലേക്ക് വരുമ്പോള്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായിരുന്നു.. നിര്‍ണായക ടോസ് ഇന്ത്യയ്ക്ക് നഷ്ടമായി. എങ്കിലും 259 എന്ന സ്കോറിന് എതിരാളികളെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 7 വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് കീവികളെ എറിഞ്ഞിട്ടത്. എന്നാല്‍ ആ മുന്‍തൂക്കം ബാറ്റര്‍മാര്‍ കളഞ്ഞ് കുളിച്ചു. സ്പിന്നിനെ നന്നായി കളിക്കുന്നവരെന്ന ഖ്യാതിയുള്ള ടീം 156 ന് പുറത്ത്.
മിച്ചല്‍ സാന്റ്നര്‍ എ്ന്ന സ്പിന്നര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കവാത്ത് മറന്നു. പൂനെ ടെസ്റ്റിന് മുന്‍പ് സാന്റ്നര്‍ ഒരിന്നിംഗ്സില്‍ നാലില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടില്ല. ടെസ്റ്റില്‍ ഏതെങ്കിലും തരത്തില്‍ അപകടകാരിയല്ലാത്ത ഒരു ബൗളര്‍ക്ക് മുന്നില്‍ പേരുകേട്ട ബാറ്റിംഗ് നിര തല കുനിച്ചു. കോഹ്ലിയുടെ ഉള്‍പ്പെടെ 7 വിക്കറ്റുകളാണ് സാന്റ്നര്‍ വീഴ്ത്തിയത്.
103 റണ്‍സിന്റെ വമ്പന്‍ ലീഡ് വഴങ്ങി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് എതിരാളികളെ പരമാവധി ചെറിയ സ്കോറില്‍ പുറത്താക്കിയാലെ എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നുള്ളു. എന്നാല്‍ കൈവിട്ട പോലെയായിരുന്നു ഇന്ത്യയുടെ ബൗളിംഗ്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് അത്ര മികച്ചപ്രകടനം സാധിച്ചില്ല. 255 റണ്‍സടിച്ചതോടെ 359 എന്ന അസാധ്യമായ വിജയലക്ഷ്യമാണ് ഉയര്‍ന്നത്.
രണ്ടര ദിവസത്തിലധികം ശേഷിക്കെ പിടിച്ച് നിന്നാല്‍ മാത്രമേ ഇന്ത്യയ്ക്ക് രക്ഷ ഉണ്ടായിരുന്നുള്ളു. അതിന് ആരു തുനിഞ്ഞില്ല. നായകന് രോഹിത് മടക്ക യാത്രയ്ക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ എട്ട് ഇന്നിംഗ്സിനിടെ ആറ് തവണയും രോഹിതിന് രണ്ടക്കം കടക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു വശത്ത് യശസ്വി ജയ്സ്വാള്‍ തകര്‍ത്തടിച്ച് മുന്നേറി പക്ഷെ ആര്‍ക്കും പിന്തുണ കൊടുക്കാനായില്ല.
രണ്ടാം ഇന്നിംഗ്സിലും ആറ് വിക്കറ്റ് വീഴ്ത്തിയ സാന്റ്നറാണ് ഇന്ത്യയെ തകര്‍ത്തത്. കോഹ്ലി രണ്ട് ഇന്നിംഗ്സിലും പരാജയമായി. യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത രീതിയിലായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം.
മുതിര്‍ന്ന താരങ്ങളായ രോഹിതും കോഹ്ലിയും തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. കോഹ്ലി മികച്ച ഒരു ഇന്നിംഗ്സ് കളിച്ചിട്ട് വര്‍ഷങ്ങളായി. എങ്കിലും ടീമില്‍ തുടരുകയാണ്. രോഹിതിന്റെ കാര്യവും അങ്ങനെതന്നെ. ഇനി ഓസ്ട്രേലിയയിലേക്കാണ് ഇന്ത്യന്‍ ടീമിന്റെ പോക്ക്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് അവിടെ കാത്തിരിക്കുന്നത്.