രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് ജനജീവിതം ദുസഹമാക്കുന്നു. ഡല്‍ഹിയില്‍ പകല്‍ സമയത്തെ ഉയര്‍ന്ന താപനില 17 ഡിഗ്രിയിലേക്ക് താഴ്ന്നു. കുറഞ്ഞ താപനില ഏഴ് ഡിഗ്രിയാണ്. തലസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നേരിയ മഴയും ശീതക്കാറ്റും തുടരുകയാണ്. ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശൈത്യം കനത്തതോടെ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു.
ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമ, റെയില്‍ സര്‍വീസുകള്‍ വൈകുന്നു. യാത്രക്കാര്‍ എയര്‍ ലൈനുകളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങള്‍ വൈകി. മൂടല്‍മഞ്ഞ് കനത്തത് വിമാനത്താവളങ്ങളിലെ കാഴ്ചപരിധി കുറക്കുന്നതോടെ വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നു.