ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ബെയ്റൂത്തിലെ റാസ് അൽ നബായിൽ നടന്ന വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സെന്‍ട്രല്‍ ബെയ്റൂട്ടിലെ സിറിയൻ ബാത്ത് പാർട്ടിയുടെ ലബനൻ ബ്രാഞ്ച് ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്.
വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സ് ഉദ്യോഗസ്ഥനായിരുന്നു മുഹമ്മദ് അഫീഫ്. ഹിസ്ബുള്ളയുടെ വാർത്ത സമ്മേളനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് അഫീഫായിരുന്നു. കഴിഞ്ഞ മാസം ഹിസ്ബുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതി ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ ആക്രമണത്തെ കുറിച്ച് വിശദീകരിച്ചതും അഫീഫായിരുന്നു.
ഹിസ്ബുള്ളയുടെ തലവൻ ഹസ്സൻ നസ്റള്ളയുടെ കൊലപാതകത്തിന് ശേഷം സായുധസംഘടനയുടെ പ്രധാനിയുമായിരുന്നു അദ്ദേഹം. ഈ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
യാതൊരു മുന്നറിയിപ്പില്ലാതെ ഉണ്ടായ ഈ ആക്രമണം വലിയ നാശം ഉണ്ടാക്കിയതായി നാഷണൽ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒന്നരമാസ കാലമായി ഹിസ്ബുള്ളക്കെതിരെ ലബനന്റെ അതിർത്തി പ്രദേശങ്ങളിൽ ഇസ്രായേൽ കരയുദ്ധം തുടരുകയാണ്.