കൊച്ചി : എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി. മതാചാരപ്രകാരം സംസ്കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കുന്നതിനായി വിട്ടു നല്‍കണമെന്ന എം എം ലോറൻസിന്റെ മകൾ ആശാലോറന്‍സ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ , ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത് .
സെപ്തംബർ 21ന് ലോറൻസിന്റെ മരണത്തിന് തൊട്ടുപിന്നാലെ എം എം ലോറൻസിന്റെ മകനും സിപിഐഎമ്മും ചേർന്ന് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നത് തടയുന്നതിനായി ആശാ ലോറൻസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിന് ദാനം ചെയ്യാൻ പിതാവ് ഒരിക്കലും താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് അവർ വാദിച്ചു, മൃതദേഹം മതാചാരപ്രകാരം സംസ്ക്കരിക്കാന്‍ വിട്ടുനല്‍കണമെന്നായിരുന്നു ആശയുടെ ആവശ്യം. ഈ ആവശ്യമാണ് കോടതി തള്ളിയത്.