കൊച്ചി: വയനാട്ടിൽ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി തടഞ്ഞ് ഹൈക്കോടതി. സമീപവാസികൾ നല്കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ സമീപപ്രദേശത്ത് തോട്ടഭൂമി അനധികൃതമായി തരം മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ സ്ഥലത്താണ് ന്യൂയർ പാർട്ടി നടത്തുന്നത്.
ഇത് ക്രമസമാധാനത്തെയും അപകടകരമായ അന്തരീക്ഷം ഉണ്ടാകുമെന്ന സാഹചര്യത്തെയും മുൻനിർത്തി പരിപാടി നിർത്തിവയ്ക്കാൻ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ ഇന്നലെ ഉത്തരവിട്ട കാര്യം കോടതിയെ അറിയിച്ചു. പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചതിനെത്തുടർന്ന് നിരോധന ഉത്തരവ് കർശനമായി പാലിക്കാൻ ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. പരിപാടിയ്ക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അനുവദിച്ചിട്ടുണ്ടെന്ന വാദം കോടതി തള്ളി.