പത്തനംതിട്ട:ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി.തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.രണ്ടാഴ്ച്ചത്തേക്കാണ് ഇടക്കാല ഉത്തരവ്.സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയോട് സാവകാശം തേടി. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.

ശബരിമലയില്‍ പുതിയതായി പണി കഴിപ്പക്കുന്ന ഭസ്മ കുളത്തിന് കഴിഞ്ഞ ദിവസമാണ് തറക്കല്ലിട്ടത്. മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപമാണ് പുതിയ ഭസ്മകുളം നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മ കുളം സമര്‍പ്പിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയും ശില്പ്പിയുമായ എം ആര് രാജേഷാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൂര്‍ണ്ണമായും ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ നിരീക്ഷണത്തോട് കൂടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുക.