ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റഫോമായ സൊമാറ്റോയിലെ ജീവനക്കാരനെ തടഞ്ഞ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. സാന്താക്ലാസിന്റെ വേഷത്തിലെത്തിയ ജീവനക്കാരനെയാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകർ ആണ് വഴിതടഞ്ഞത്. സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചതിനെ ചൊല്ലിയായിരുന്നു സംഘർഷം. ബൈക്കിൽ ഇരിക്കുന്ന യുവാവിനോട് സാന്താക്ലോസിന്റെ വസ്ത്രം അഴിക്കാൻ പറയുന്ന ദൃശ്യം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്നാൽ സംഘത്തിലെ ഒരാൾ ശ്രീരാമന്റെ വസ്ത്രം ധരിച്ച് ഭക്ഷണം വിതരണം ചെയ്യാൻ എത്തുമോ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. അത്തരത്തിൽ ഒരു വസ്ത്രം ധരിക്കില്ലെന്നും ക്രിസ്മസ് ആയതിനാൽ സാന്താക്ലോസിന്റെ വസ്ത്രം ധരിക്കാൻ കമ്പനി നിർദേശം ഉണ്ടെന്നുമായിരുന്നു ജീവനക്കാരന്റെ മറുപടി. എന്നാൽ ഇതു വകവെക്കാതെ വസ്ത്രം അഴിപ്പിക്കുകയായിരുന്നു. ഹിന്ദു ആധിപത്യമേഖലകളിൽ സാന്താക്ലോസിന്റെ വസ്ത്രം ധരിക്കാൻ നിർദ്ദേശിക്കുന്നതിന്റെ ആവശ്യം എന്താണെന്ന് ഹിന്ദുത്വവാദി നേതാവ് സുമിത്ത് ഹർദിയ ചോദിച്ചു.
‘ ഇന്‍ഡോറിലും ഇന്ത്യയിലും ഹിന്ദു ഭൂരിപക്ഷമാണുള്ളത്. ആ സാഹചര്യത്തില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് വീടുകളിലേക്ക് ഭക്ഷണ വിതരണത്തിനായി ജീവനക്കാർക്ക് പ്രവേശനാനുമതി നല്‍കുന്നത് എന്തിനാണ്? ഹനുമാന്‍ജയന്തി, രാമനവമി ഉള്‍പ്പെടെയുള്ള ഹിന്ദുത്വ ആഘോഷങ്ങളില്‍ ഡെലിവറി ഏജന്റുമാര്‍ കാവി വസ്ത്രംധരിക്കുന്നില്ലല്ലോ,’ സുമിത് ഹാര്‍ദിയ പറഞ്ഞു. സാന്താക്ലോസിന്റെ വസ്ത്രം ധരിക്കുന്നത് മതം മാറ്റത്തിന് പ്രേരണയുണ്ടാക്കുമെന്നും ഹാര്‍ദിയ കൂട്ടിച്ചേര്‍ത്തു.