മലപ്പുറം : പി വി അന്‍വര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നും, അന്‍വറുമായുള്ള സൗഹൃദം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനോട് ഉണ്ടായിരിക്കില്ലെന്നും കെ ടി ജലീല്‍ എം എല്‍ എ വ്യക്തമാക്കി.
സിപിഎം ബന്ധം ഉപേക്ഷിക്കേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ ഇവിടെ ഇല്ലെന്നും, അതിനാല്‍ അന്‍വര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയെ ശക്തമായി എതിര്‍ക്കുമെന്നും കെ ടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പി വി അന്‍വര്‍ ഉയര്‍ത്തിയിരിക്കുന്ന ചില ആരോപണങ്ങളില്‍ സത്യങ്ങള്‍ ഉണ്ട്. ഇത്തരം വിഷയങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നുതന്നെയാണ് എന്റെ അഭിപ്രായം. കേരളത്തിലുണ്ടായ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ എന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ സംഭവം ഏറെ വേദനയുണ്ടാക്കിയിട്ടുണ്ട്.
ഏറെ സംശയത്തിന്റെ നിഴലില്‍ എന്നെ നിര്‍ത്താന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. ഖുര്‍ആന്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട്, ഭക്ഷ്യകിറ്റുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. ഈ ആരോപണങ്ങളില്‍ നിരവധി ഏജന്‍സികള്‍ അന്വേഷണം നടത്തി. മന്ത്രിയായിരിക്കെ ബന്ധുനിയമനം എന്ന പേരില്‍ എന്റെ പേരില്‍ ഒരു ആരോപണം ഉയര്‍ന്നു.
മുസ്ലിംലീഗ് യോകായുക്തയായിരുന്ന സിറിയക് ജോസഫിനെ സ്വാധീനിച്ച് എനിക്കെതിരെ വിധിയുണ്ടാക്കി. പരാതി ഉയര്‍ന്നപ്പോള്‍ എന്റെ പേരില്‍ ഒരു നോട്ടീസ് അയക്കുകയെന്ന നടപടിപോലും പാലിക്കാതെ ഏകപക്ഷീയമായാണ് ലോകായുക്ത നിലപാട് സ്വീകരിച്ചത്.
പരാതിയില്‍ എതിര് കക്ഷിയായ എന്നില്‍ നിന്നും ഒരു വിവരവും ചോദിച്ചറിയാതെ എനിക്കെതിരെ വിധി പ്രഖ്യാപിക്കുകയുണ്ടായി. കാര്യങ്ങളുടെ സ്ഥിതിയെന്താണെന്ന് ഞാന്‍ വ്യക്തമായി പറഞ്ഞു. എന്നാല്‍ ഇതൊന്നും ആരും അത് കേള്‍ക്കാന്‍ തയ്യാറായില്ല. മാധ്യമങ്ങളും പ്രതിപക്ഷവും എന്നെ വേട്ടയാടുകയായിരുന്നു.
സാമ്പത്തിക രംഗത്ത് സത്യസന്ധത പുലര്‍ത്തണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സത്യമല്ലെന്ന് വ്യക്തമായിട്ടും അത് ലോകത്തോട് പറഞ്ഞില്ല. മാധ്യമങ്ങളും പ്രതിപക്ഷപാര്‍ട്ടികളും എന്നോട് നീതിപൂര്‍വ്വമല്ല പെരുമാറിയത് എന്ന് ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ വിഷമുണ്ടാക്കിയ സംഭവമാണ്.
നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഞാന്‍ സംസാരിക്കുന്നത്. നേരത്തെ ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്നും പുറത്തു പോവേണ്ടിവന്ന സാഹചര്യത്തിലാണ് സി പി എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടിവന്നത്. അത് അന്നത്തെ സാഹചര്യത്തില്‍ എനിക്ക് അത്തരമൊരു നിലപാട് സ്വീകരിക്കേണ്ടിവന്നതാണ്.
കുറ്റിപ്പുറത്ത് അധികാരമോഹത്തോടെയല്ല ഞാന്‍ ഇടത് സ്ഥാനാര്‍ത്ഥിയായി എത്തിയത്. അധികാര മോഹത്തോടെ ആരെങ്കിലും കുറ്റിപ്പുറത്ത് മത്സരിക്കാന്‍ വരുമോ എന്നു ആലോചിക്കേണ്ടതല്ലേ.
പി വി അന്‍വര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമ്പോള്‍ ഞാന്‍ ആ പാര്‍ട്ടിയില്‍ ഉണ്ടാവുമോ എന്നാണ് പലരും എന്നോട് ചോദിക്കുന്നത്. എന്നാല്‍ ഞാന്‍ അക്കാര്യത്തില്‍ വ്യക്തമായി പറയുകയാണ്. ആ പാര്‍ട്ടിയില്‍ ഞാന്‍ ഉണ്ടാവില്ല എന്നുമാത്രമല്ല, ആ പാര്‍ട്ടിയെ ശക്തമായി എതിര്‍ക്കും. സി പി എം സഹയാത്രികനായി ഞാന്‍ ഇനിയും മുന്നോട്ടു പോവും. രാഷ്ട്രീയ മാറ്റത്തിനുള്ള ഒരു സാഹചര്യവുമില്ല.
ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് എതിരായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിക്കുന്നത്. കമ്യൂണിസ്റ്റ് നേതാക്കളെ ബി ജെ പി ഏജന്റുമാരാക്കി മുദ്രകുത്തിയാല്‍ പിന്നെ ഏത് നേതാവിനെ, ഏത് പാര്‍ട്ടിയെ ആണ് നമ്മള്‍ക്ക് മുന്നില്‍ നിര്‍ത്താന്‍ പറ്റുക. കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഫാസിസ്റ്റ് വിരുദ്ധ നിലപാടിനെതിരെ ശക്തമായ നിലപാടാണ് സി പി എമ്മിന്റെ നേതാക്കള്‍ സ്വീകരിക്കുന്നത്.
അതിനാല്‍ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിശ്വസിക്കാവുന്ന പാര്‍ട്ടി ഇപ്പോഴും സി പി എമ്മാണ് എന്നുതന്നെയാണ് എന്റെ ബോധ്യം.
അല്ലാതെ പിണറായി വിജയനെ ആര് എസ് എസ് ഏജന്റായി മുദ്രകുത്താനുള്ള നിലപാടിനെതിരെ ശക്തമായി ഞാന്‍ രംഗത്തുണ്ടാവുമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.