കൂട്ടക്കൊലകളുടെയും അരുംകൊലകളുടെയും നാടായി കേരളം മാറിയിരിക്കുന്നു. പിഴയ്ക്കാത്ത ദിനചര്യകൾപോലെ ഓരോ ദിവസവും പിറക്കുന്നത് ചോരയിൽ കുളിച്ച വാർത്തകളുമായാണ്. മാതാപിതാക്കളെ കൊല്ലുന്ന മക്കൾ, മക്കളുടെ ജീവനെടുക്കുന്ന മാതാപിതാക്കൾ, പരസ്പരം കൊലനടത്തി പകതീർക്കുന്ന ദമ്പതികൾ, പ്രണയ തകർച്ചയിൽ ജീവഹൂതി നടത്തുന്ന യുവത്വങ്ങൾ, കലഹത്തിനൊടുവിൽ കാലന്മാരാകുന്ന അയൽവാസികൾ.
കുറ്റകൃത്യങ്ങളുടെ മട്ടും മാതിരിയും മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാം ഭദ്രമെന്ന് നാം കരുതുന്ന വീട്ടകങ്ങളിലേക്ക് മരണം കടന്നുവരുന്നത് മക്കളുടെയും കൊച്ചുമക്കളുടെയും രൂപത്തിലാകുമ്പോൾ ആർക്കാണ് വീടിന്റെ വാതിൽ തുറന്ന് കൊടുക്കാനാവുക? ആർക്കാണ് മരണഭീതിയില്ലാതെ വീട്ടിനുള്ളിൽ കിടന്നുറങ്ങാനാവുക?
തൊണ്ടയിൽ കുരുങ്ങിയ കരച്ചിൽ പുറത്തുവരാതെ തലതല്ലിപ്പൊളിച്ചും കഴുത്തിൽ നിന്ന് തല വേർപെട്ടും ചോരയിൽ കിടന്ന് പിടഞ്ഞ് മരിച്ചവരുടെ വിവരം പുറത്തറിയുന്നത് പാൽക്കാരനോ പത്രവിതരണക്കാരനോ അയൽക്കാരനോ വന്നുനോക്കുമ്പോഴാണ്.
കേരളം കണികണ്ടുണരുന്ന ദുരന്തക്കാഴ്ചകൾക്ക് അറുതിയില്ലായെന്ന് കഴിഞ്ഞദിവസം കേരളത്തെ ഞെട്ടിച്ച തിരുവനന്തപുരം വെഞ്ഞാറമൂട്കൂട്ടക്കൊല വ്യക്തമാക്കുന്നു. ഒരാൾക്ക് നിർവഹിക്കാൻ പ്രയാസമുള്ള ഈ കൃത്യം ഇരുപത്തിമൂന്നുകാരൻ നടത്തിയത് മൂന്നിടങ്ങളിൽ വെച്ച് ഒരു ചുറ്റികയുടെ സഹായത്താലാണ്.
മുത്തശ്ശി, പിതൃസഹോദരൻ, അദ്ദേഹത്തിന്റെ ഭാര്യ, സഹോദരൻ, കാമുകി എന്നിവരെ തലതല്ലിപ്പൊളിച്ച് കൊന്നെങ്കിൽ നൊന്തുപ്രസവിച്ച ഉമ്മയെ മരണവക്കിലെത്തിക്കുകയും ചെയ്തു. കേരളത്തിൽ അടുത്തകാലത്ത് നടന്ന മിക്ക കൊലപാതകങ്ങളിലും വില്ലൻ ലഹരിവസ്തുക്കളാണ്. ഇവിടെയും വില്ലൻ അതുതന്നെ.
ലഹരിക്ക് പണം ലഭിക്കാതെ വരുമ്പോഴുള്ള അക്രമാസക്തിയും പകയും ഇവിടെയും കൊലയ്ക്ക് കാരണമായി തീർന്നതെന്ന് വിശ്വസിക്കപ്പെടുന്നു. കഴിഞ്ഞ അമ്പത്തിയഞ്ച് ദിവസങ്ങളിലുണ്ടായ പതിനഞ്ച് കൊലപാതകങ്ങളിൽ എല്ലാം മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് ലക്കുകെട്ടവർ നടത്തിയ കിരാതകൃത്യങ്ങളാണ്.
തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഒരു ചെറുപ്പക്കാരനെ പതിനാല് വയസ്സുള്ള രണ്ട് വിദ്യാർഥികൾ കുത്തിക്കൊന്ന സംഭവത്തോടെയാണ് കേരളത്തിൽ പുതുവർഷം പിറന്നത്. പാലക്കാട് അട്ടപ്പാടിയിൽ മുപ്പത്തിയേഴുകാരനായ മകൻ അൻപത്തഞ്ചുകാരിയെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊന്നതും തിരുവനന്തപുരം വട്ടപ്പാറയിൽ അറുപത്തേഴുകാരനായ ഭർത്താവ് വയോധികയെ വെട്ടിക്കൊന്നതും ഈ പരമ്പരയുടെ തുടർച്ചയായിരുന്നു.
ചേർത്തലയിൽ സോണി എന്ന ചെറുപ്പക്കാരൻ ഭാര്യ സജിയെ കൊലപ്പെടുത്തിയതായിരുന്നു തുടർക്കൊല. ആലപ്പുഴ മാന്നാറിൽ അറുപതുകാരനായ വിജയന്റെ ക്രൂരത തൊണ്ണൂറ് കഴിഞ്ഞ പിതാവിനോടും അമ്മയോടുമായിരുന്നു. രണ്ടുപേരുടെയും മുന്നിൽ മകൻ പ്രത്യക്ഷപ്പെട്ടത് കാലന്റെ രൂപത്തിലായിരുന്നു.
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് സ്വന്തം അമ്മ തന്നെയായിരുന്നു. പാലക്കാട് നെന്മാറയിൽ ചെന്താമര എന്ന കൊടുംകുറ്റവാളി ജാമ്യത്തിലിറങ്ങി ഒരു അമ്മയെയും മകനെയും കൊലപ്പെടുത്തി. കോഴിക്കോട് താമരശേരിയിൽ ലഹരിക്കടിമയായ യുവാവ് ഉമ്മയെ വെട്ടിക്കൊന്നതും ലഹരിക്ക് പണം നൽകാത്തതിന്റെ പേരിലായിരുന്നു. എറണാകുളം ചേന്ദമംഗലത്ത് ഒരുവീട്ടിലെ മൂന്നുപേർ കൊല്ലപ്പെട്ടതിലും ലഹരിക്ക് പങ്കുണ്ട്.
ഈ പതിനഞ്ച് കൊലപാതകങ്ങളും വ്യക്തമാക്കുന്നത് കേരളത്തിന്റെ സാമൂഹ്യവും സാംസ്കാരികവുമായ തകർച്ചയാണ്. ഈ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നത് ഭരണ സംവിധാനങ്ങളുടെ പരാജയം കൂടിയാണ്. കേരളത്തിന്റെ ആഭ്യന്തരവകുപ്പ് ചെറിയ പഴികൾ ഒന്നുമല്ല സമീപകാലത്ത് കേട്ടിട്ടുള്ളത്. പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചൽ പോലും എടുക്കുന്നില്ലെന്നും പാർട്ടിക്കാർ സ്റ്റേഷനിൽ ചെന്നാൽ തല്ല് കിട്ടുന്ന അവസ്ഥയാണെന്നും പോലീസിനെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സിപിഎം സമ്മേളനങ്ങളിൽ പോലും വിമർശനം ഉയർന്നിരുന്നു.
ആഭ്യന്തരവകുപ്പിനെതിരെ മുൻ എംഎൽഎ പി വി അൻവറും ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ച ശേഷം ആയിരുന്നു മുന്നണി വിട്ടത്. ആഭ്യന്തരവകുപ്പിന്റെ നെടുംതൂണായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘപരിവാർ ബന്ധവും വലിയതോതിൽ ചർച്ചയായിരുന്നു. ഇതിനേക്കാൾ ഏറെ കേരള മനസാക്ഷിയെ ഞെട്ടിച്ചത് പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളുടെ വിവരങ്ങൾ ആയിരുന്നു.
ക്രിമിനലുകളും ഗുണ്ടകളും തേർവാഴ്ച നടത്തുന്ന കേരളത്തിൽ അവരെ നിയന്ത്രിക്കേണ്ട പോലീസ് സേനയിൽ അവരെക്കാൾ മികച്ച ഗുണ്ടകൾ ഉണ്ടെന്ന വിവരം സാധാരണക്കാരന് ഷോക്കേറ്റ പോലെയായിരുന്നു. മുഖ്യൻ വെറും പേരിനു മാത്രമാണെന്നും ആഭ്യന്തരം നോക്കുന്നത് പി ശശിയാണെന്നും പറയപ്പെടുന്നു. ആരു തന്നെ നോക്കിയാലും കേരളത്തെ ദുരവസ്ഥയിലേക്ക് തള്ളി വിടാതെ ക്രമസമാധാനം നിലനിർത്തേണ്ട ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിന് ഉണ്ട്.