കൊച്ചി:ചെന്നൈയിലെ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ രണ്ടാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിംഗ് ഇന്ത്യ ടീം. എന്‍എസ്എഫ് 250ആര് ഓപ്പണ്‍ ക്ലാസ് വിഭാഗത്തില്‍ ഉദ്ഘാടന റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ ഹോണ്ടയുടെ യുവ റൈഡര്‍മാര്‍ രണ്ടാം റൗണ്ടിലും മികവ് ആവര്‍ത്തിക്കാനുള്ള ഒരുക്കങ്ങളിലാണ്.
ട്രാക്കിലുടനീളം ആധിപത്യം പുലര്‍ത്തിയ ചെന്നൈയുടെ 20കാരനായ ശ്യാം ശുന്ദറാണ് ആദ്യറൗണ്ടില്‍ ഒന്നാമനായത്. വെല്ലുവിളി നിറഞ്ഞ പൊസിഷനില്‍ നിന്ന് റേസ് തുടങ്ങിയിട്ടും, ലീഡ് നിലനിര്‍ത്താനും ഒന്നാം സ്ഥാനം ഉറപ്പിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. മലപ്പുറം സ്വദേശിയായ 22കാരന് മൊഹ്സിന്‍ പി, ചെന്നൈയില്‍ നിന്നുള്ള 16കാരന് രക്ഷിത് എസ് ദവെ എന്നിവരും ആദ്യ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി.
ബെംഗളൂരുവില്‍ നിന്നുള്ള എ.എസ് ജെയിംസ് (22 വയസ്), പ്രകാശ് കാമത്ത് (20), ഹൈദരാബാദില്‍ നിന്നുള്ള ബീദാനി രാജേന്ദര്‍ (19) എന്നിവരും രണ്ടാം റൗണ്ടില്‍ എതിരാളികള്‍ക്ക് മികച്ച വെല്ലുവിളി ഉയര്‍ത്തും. പുതുമുഖങ്ങളായ ബെംഗളൂരില്‍ നിന്നുള്ള സാവിയോന്‍ സാബു (16), ചെന്നൈയില്‍ നിന്നുള്ള രക്ഷിത എസ് ദവെ (15), ജഗതിശ്രീ കുമരേശന്‍ (19), തിരുവനന്തപുരത്ത് നിന്നുള്ള ആരോണ്‍ സോണി ഫെര്‍ണാണ്ടസ് (15), ട്രിച്ചി സ്വദേശി സ്റ്റീവ് വോ സുഗി (19), ഹൈദരാബാദില്‍ നിന്നുള്ള വിഘ്നേഷ് പോതു (17) എന്നീ പുതുമുഖങ്ങളും ഹോണ്ട റേസിങ് ഇന്ത്യക്കായി രണ്ടാം റൗണ്ടില്‍ മത്സരിക്കും. 2024 ജൂലൈ 6,7 തീയതികളിലായാണ് രണ്ടാം റൗണ്ട് മത്സരങ്ങള്‍.