അനുഷ എൻ .എസ്
ഇവരെക്കാണുമ്പോൾ എനിക്ക് കുന്തീ ദേവിയെ ഓർമ്മവരുന്നു, ഇങ്ങനെ നിന്നാൽ മുൻവശത്തെ ഭംഗി മാത്രേ കാണാൻ പറ്റൂ തിരിഞ്ഞു നിന്നാലേ പുറകിലെ ഭംഗി കൂടി കാണാൻ പറ്റൂ. ഇത് കേട്ടപ്പോൾ തന്നെ ആര് ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് കുറച്ച് പേർക്കെങ്കിലും മനസ്സിലായിട്ടുണ്ടാകും.
അതെ ,ബോബി ചെമ്മണ്ണൂർ എന്ന ബോചെ നടി ഹണി റോസിനെക്കുറിച്ച് പറഞ്ഞതാണ്.അത് പറഞ്ഞ സാഹചര്യവും നമ്മൾ പ്രത്യേകം മനസ്സിലാക്കേണ്ടതാണ് ,അതായത് ഹണി റോസ് പൊതുവേ ഉദ്ഘാടന റാണി എന്നാണല്ലോ എല്ലാവർക്കുമിടയിൽ അറിയപ്പെടുന്നത്.അങ്ങനെ ഈ പറഞ്ഞ ബോബി ചെമ്മണ്ണൂറിൻ്റെ ഒരു ജ്യല്ലറി ഷോപ്പ് ഉദ്ഘാടനം ,ചെയ്യുവാനെത്തിയ ഹണി റോസിനെപ്പറ്റിയാണ് അവിടെ കൂടിനിന്ന മീഡിയാസിൻ്റിയും,അതിഥികളുടെയും മുന്നിൽ വെച്ച് ഡബിൾ മീനിങ്ങിൽ സംസാരിക്കുന്നത്.
ദ്വയാർത്ഥ പ്രയോഗം ബോചെയ്ക്ക് പിന്നെ വലിയ പുത്തരിയുള്ള കാര്യമല്ല.കാരണം താൻ പറയുന്നത് കേട്ട് കയ്യടിക്കാനും ആ വീഡിയോ എടുത്ത് കട്ട് ചെയ്തിട്ട് സോഷ്യൽ മീഡിയയിൽ റീച്ചുണ്ടാക്കി കൊടുക്കാനും പുറത്ത് കുറേ സോഷ്യൽ മീഡിയ അണ്ണൻമാരുള്ളപ്പോൾ ബോചെ ഇതൊക്കെയല്ലേ ചെയ്യൂ.
സിനിമാ താരങ്ങൾ ഉദ്ഘാടനത്തിന് പോകുന്നത് വളരെ സാധാരണയായിട്ടുള്ള കാര്യമാണ് . അത് ഒരർത്ഥത്തിൽ അവരുടെ ജോലിയുടെ ഭാഗം തന്നെയാണ്.എന്നാൽ ഇത്തരത്തിൽ ഉദ്ഘാടനവേദിയിൽ എത്തുന്ന സ്ത്രീകൾക്ക് നേരെ നടക്കുന്നത് എന്താണ് .ലിച്ചി.മാളവിക ,ഹണി റോസ് ഇവരെല്ലാവരും സ്ഥിരമായി ഇങ്ങനെയുള്ള ആക്ഷേപങ്ങൾ കേൾക്കുന്ന ആളുകളാണ്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും സ്ഥിരമായി പച്ചയ്ക്ക് ബോഡി ഷെയ്മിംഗ് നേരിടുന്ന ഒരു വ്യക്തിയാണ് ഹണി റോസ് അല്ലേ?
ഇങ്ങനെ പരസ്യമായിട്ട് പൊതുവേദിയിൽ നിർത്തിക്കൊണ്ട് അവരുടെ വസ്ത്രത്തിനെയും ശരീരഭാഗങ്ങളെയും ഒക്കെകുറിച്ച് പറയുമ്പോൾ അത് കേട്ട് ചിരിക്കാനും ട്രോളുകൾ ഉണ്ടാക്കാനും സോഷ്യൽ മീഡിയയിൽ ആളുകൾ ക്യൂവാണ്. ചെയ്ത സിനിമകളേക്കാൾ കൂടുതൽ ഓരോ പരിപാടികൾ ഉദ്ഘാടനം ചെയ്ത് തന്നെയാണ് അവര് ഫെയിമസ് ആയത്. ഓരോ പരിപാടിക്കും വ്യത്യസ്ത ലുക്കിൽ വ്യത്യസ്ത ഔട്ട്ഫിറ്റിലും ആണ് പൊതുവേ താരങ്ങൾ എത്താറുള്ളതും.
അതിന് നടിമാർ കേൾക്കുന്ന തെറിവിളികൾ നമുക്ക് കേൾക്കുവാൻ പോലും സാധിക്കാത്ത വിധത്തിലാണ്. ഇത്തരം ഫങ്ഷനുകളിൽ എത്തുന്ന നടിമാരുടെ എവിടെയെല്ലാം ക്യാമറവെയ്ക്കാമോ അവിടെയാക്കെ ക്യാമറവെയ്ക്കുന്നു.അതിൽ നിന്ന് ചില പ്രത്യേക ഭാഗങ്ങൾ മാത്രം കട്ട് ചെയ്തെടുത്ത് പരമാവധി സൂം ചെയ്ത് ഇടേണ്ട സ്ഥലത്തൊക്കെ ഇടുന്നു. എന്തെങ്കിലും ഒരു കാര്യം അതിപ്പോ എന്തും ആവട്ടെ അതിനെ നന്നായിട്ടും മോശമായിട്ടും അവതരിപ്പിക്കാൻ നമുക്ക് പറ്റും .
ഇത് ഇങ്ങനെചെയ്താൽ മാത്രമേ റീച്ച് കിട്ടുകയുള്ളൂ എന്ന വിധത്തിലേക്ക് ഈ പറഞ്ഞ താരങ്ങളും ,സമൂഹവും ,പരിപാടികളുമൊക്കെ കണ്ടീഷനിംഗ് ചെയ്യപ്പെട്ടു എന്നതാണ് സത്യം.
ഇപ്പോൾ ഈ വീഡിയോയുടെ താഴെ വരാൻ പോകുന്ന കമൻ്റ് എന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാം നടിമാര് എല്ലാം കാണിച്ചിട്ടല്ലേ എല്ലാവരും ഇങ്ങനെ ചെയ്യുന്നത് .വെറും ഒരു ക്ളീഷേ കമൻ്റ് .അവര് ജോലിചെയ്ത് അതിപ്പോ ആണായിക്കോട്ടോ പെണ്ണായിക്കോട്ടെ ആരുമായിക്കോട്ടേ അവര് സമ്പാദിക്കുന്ന പെെസ കൊടുത്ത് വാങ്ങിക്കുന്ന ഡ്രെസ്സ് എങ്ങനെ ധരിക്കണം എപ്പോൾ ധരിക്കണം എന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യം മാത്രമല്ലേ .
ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും ഇഷ്ടപ്പെട്ട ജോലി ചെയ്യാനും എല്ലാവർക്കും അവകാശമുണ്ടല്ലോ പിന്നെ താരങ്ങളുടെ കാര്യം വരുമ്പോൾ മാത്രം എന്താണ് അത് അംഗീകരിക്കാൻ ഇത്ര പ്രയാസമെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല . നിൻ്റൊയൊക്കെ ഡ്രസ്സിംഗ് , ശരിയല്ല നീയൊന്നും ശരിയല്ല ,പെെസ കിട്ടിയാൽ നീയൊക്കെ എന്തും ചെയ്യും ഇങ്ങനെയൊക്കെ പറഞ്ഞ് കമൻ്റ് ബോക്സിൽ ചെളിവാരിയെറിയുന്നവർ തന്നെയാണ് പൊതുമധ്യത്തിൽ അവർക്ക് ജയ് വിളിക്കുന്നതും.
വസ്ത്രധാരണത്തെപ്പറ്റി ഉണ്ടാകുന്ന കുറ്റപ്പെടുത്തലുകൾ കേൾക്കാത്തവർ ആയി ആരുമുണ്ടാവില്ല പക്ഷേ, ക്ഷണിച്ച് വരുത്തി സദസിൽ നിർത്തിയിട്ട് ഒരു മാനുഷിക പരിഗണനപോലും കൊടുക്കാതെയുള്ള ലെെംഗിക ചുവയോട് കൂടി സംസാരിക്കുന്നു ഇതൊക്കെ എങ്ങനെയാണ് ന്യായീകരിക്കാനാവുക?