ബിനുകൃഷ്ണ /സബ് എഡിറ്റർ
ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊന്നു. നാഗമണി(28) എന്ന പോലീസ് ഉദ്യോഗസ്ഥയെയാണ് സഹോദരൻ പരമേശ് വെട്ടികൊലപ്പെടുത്തിയത്.
തെലങ്കാനയിലെ റായ്പോളെ ഗ്രാമത്തിൽ നിന്നുള്ള നാഗമണി ഹായത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് ഇതരജാതിക്കാരനായ ശ്രീകാന്തുമായി നാഗമണിയുടെ വിവാഹം കഴിഞ്ഞത്. കുടുംബത്തിന് ഈ വിവാഹത്തിന് താല്പര്യമില്ലായിരുന്നു.
വിവാഹത്തിൽ എതിർപ്പറിയിച്ച കുടുംബം നാഗമണിക്കും ഭർത്താവിനും താക്കീത് നൽകി. തുടർന്ന് പരമേശിനേയും കുടുംബത്തേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ദമ്പതികളെ സ്വീകരിക്കാനുള്ള കൗൺസിലിങ്ങ് നൽകിയിരുന്നു. എന്നാൽ കൗണ്‍സിലിംഗിന് ശേഷവും ഭീഷണി തുടർന്ന സഹോദരൻ സ്കൂട്ടറിൽ പോകുന്നതിനിടെ നാഗമണിയെ അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വിവാഹത്തെ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കൂടാതെ കുടുംബസ്വത്തുമായി ബന്ധപ്പെട്ട് സഹോദരനും നാഗമണിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.