വയനാടിന് കൈത്താങ്ങ് നൽകാൻ നാഷനൽ സർവീസ് സ്കീം അംഗങ്ങളും. പ്രകൃതിക്ഷോഭം പാർപ്പിടം നഷ്ടപ്പെടുത്തിയ 150 കുടുംബങ്ങൾക്ക് നാഷനൽ സർവീസ് സ്കീം നേതൃത്വത്തിൽ സർക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേർന്ന് വീടുകൾ പണിതു നൽകും.
സ്വന്തമായി വീടില്ലാത്ത നിർധനസഹപാഠികൾക്ക് ‘സ്നേഹവീടുകൾ’ ഒരുക്കി സേവനമേഖലയിൽ പുതുമാതൃക സൃഷ്ടിച്ചുപോരുന്ന നാഷനൽ സർവീസ് സ്കീം ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ സന്നദ്ധ പ്രവർത്തനങ്ങളിൽ ഒന്നാകും ഇത്.
സംസ്ഥാന നാഷനൽ സർവീസ് സ്കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിർമാണം ഏറ്റെടുക്കുക. കാലിക്കറ്റ് സർവകലാശാല, എം.ജി സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള സർവകലാശാല, സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല, ശ്രീശങ്കര സംസ്കൃത സർവകലാശാല എന്നിവിടങ്ങളിലെയും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐ. ടി.ഐ തുടങ്ങിയവയിലെയും എൻ.എസ്.എസ് സെല്ലുകളുടെ കീഴിലുള്ള എൻ.എസ്.എസ് യൂനിറ്റുകളും എൻ.എസ്.എസ് മുൻ പ്രോഗ്രാം കോർഡിനേറ്റർമാരും സംസ്ഥാന ഓഫിസർമാരും ഈ ജീവ സ്നേഹദൗത്യത്തിൽ പങ്കാളികളാകും.
ദുരന്തദിനത്തിൽത്തന്നെ എൻ.എസ്.എസ്/എൻ.സി.സി കർമഭടന്മാർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ നൽകിയ നിർദേശത്തെ തുടർന്ന് പങ്കാളികളായിരുന്നു. ആ പ്രവർത്തനങ്ങൾ തുടരുകയാണ്. അതോടൊപ്പം, ദീർഘകാലാടിസ്ഥാനത്തിലുള്ള കൂടുതൽ സമാശ്വാസ പ്രവർത്തനങ്ങളും ദുരന്തമേഖലയിൽ എൻ.എസ്.എസ് ഏറ്റെടുക്കും.