എറണാകുളം തൃപ്പൂണിത്തുറയിൽ ഗ്ലോബൽ പബ്ലിക് സ്കൂളിൽ റാഗിങ്ങിന് ഇരയായി ആത്മഹത്യാ ചെയ്ത പതിനഞ്ചുകാരൻ മിഹിറിന്റെ മരണ ശേഷം പ്രചരിച്ച അധിക്ഷേപ വീഡിയോ പങ്കുവെച്ച് അമ്മ റജ്നയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘പൂപ്പി ഹെഡ്’ എന്ന് വിളികേട്ടതിന് ശേഷം 26-ാം നിലയിൽ നിന്ന് ചാടുന്ന മിഹിർ’ എന്ന തലക്കെട്ടോടെയുള്ള ഒരു വിഡിയോയാണ് റജ്ന പങ്കുവെച്ചിട്ടുള്ളത്.
കുട്ടികൾക്ക് എങ്ങനെയാണ് ഇത്ര ക്രൂരന്മാരാകാൻ സാധിക്കുന്നത്? സ്നേഹം, കരുണ, ദയ, മനുഷ്യത്സം എന്നിവയൊക്കെ തീർത്തും അന്യമായ ഒരു തലമുറയാണോ ഇത്. അവർക്കിടയിൽ ഇനി ജീവിക്കേണ്ടതില്ല എന്ന് എൻ്റെ മകൻ എടുത്ത തീരുമാനം സ്വാഭാവികം മാത്രമെന്ന് തോന്നിപോകുന്നു എന്നും അവർ പോസ്റ്റിൽ കുറിക്കുന്നു. മാത്രമല്ല, മകന് നീതി ലഭിക്കുന്നത് വരെ തന്റെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മിഹിറിന്റെ അമ്മ പറയുന്നു.
നിരവധി താരങ്ങളും ഇതിനോടകം മിഹിറിന്റെ മരണത്തിൽ പ്രതികരിച്ച് എത്തിയിട്ടുണ്ട്. അതേസമയം മിഹിറിന്റെ ആത്മഹത്യയിൽ അന്വേഷണം പുരോഗമിക്കുകയാണ്. മിഹിറിന്റെ സഹപാഠികളായ മൂന്ന് കുട്ടികളെയും കണ്ട് പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ക്ലാസ് ടീച്ചറുടെയും മൊഴി എടുത്തു.