സുല്‍ത്താന്‍ബത്തേരി: കേണിച്ചിറ കേളമംഗലത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. ഭര്‍ത്താവ് ജില്‍സനെ (42) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം.
രണ്ടു മക്കളെയും മുറിയില്‍ അടച്ചിട്ട ശേഷമാണ് ജില്സന് ലിഷയെ കൊലപ്പെടുത്തിയത്. ഫോണിന്റെ ചാര്‍ജിങ് കേബിള്‍ കൊണ്ട് കഴുത്തില്‍ മുറുക്കുകയായിരുന്നു. പിന്നാലെ തൂങ്ങിമരിക്കാനായി ജില്സന് മരത്തില്‍ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. ഇതോടെ വിഷം കുടിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ചു. ഇതിനുശേഷം മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ചും കൈമുറിച്ചു.
കടബാധ്യതയാണ് കാരണമെന്നാണ് വിവരം. അര്‍ധരാത്രിയോടെ ഇയാള്‍ സുഹൃത്തുക്കള്‍ക്കു സന്ദേശം അയച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല