പുതിയ ഐഫോണ്‍ 16 സീരീസ് സ്മാര്‍ട്ഫോണുകള്‍ അടുത്ത മാസം പുറത്തിറങ്ങും. ഇന്ത്യയില്‍ ഉള്‍പ്പടെ ഫോണുകളുടെ നിര്‍മാണ കേന്ദ്രങ്ങളില്‍ അതിനുള്ള തയ്യാറെടുപ്പുകളിലാണ് കമ്പനി. ഐഫോണ്‍ 16 സ്മാര്‍ട്ഫോണുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇന്ത്യന്‍ ഫാക്ടറികളില്‍ ജീവനക്കാർക്ക് പരിശീലനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഫോക്സ്കോണ്‍ ഫാക്ടറിയിലാണ് ഐഫോണ്‍ 16 പ്രോ, പ്രോ മാക്സ് മോഡലുകളുടെ നിര്‍മാണ പരിശീലനം നടക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫോക്സ്കോണ്‍ ഫാക്ടറിയില്‍ ഐഫോണ്‍ ഉത്പാദനം നടക്കുമെന്ന് ഉറപ്പായി. അതിന് മുന്നോടിയായുള്ള ‘ന്യൂ പ്രൊഡക്റ്റ് ഇന്‍ട്രൊഡക്ഷന്‍’ എന്ന നടപടി ക്രമങ്ങളിലാണ് കമ്പനി.
ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ചെന്നൈയില്‍ നിന്നുള്ള ഉത്പാദനവും സജീവമാകുമെന്നാണ് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ആപ്പിളിന്റെ ഇന്ത്യയിലെ മറ്റ് നിര്‍മാണ പങ്കാളികളായ പെഗട്രോണ്‍, ടാറ്റ ഗ്രൂപ്പ് എന്നീ കമ്പനികളിലും പ്രോ വേര്‍ഷനുകളുടെ ഉത്പാദനം ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.ഐഫോണ്‍ 16 സീരീസ് പുറത്തിറക്കിയ ഉടന്‍ തന്നെ ഇന്ത്യയില്‍ നിര്‍മിച്ച ബേസ് മോഡലായ ഐഫോണ്‍ 16 ആഗോളതലത്തില്‍ വിപണികളിലെത്തുമെന്നാണ് വിവരം. ഫോക്സ്കോണ്‍ ഫാക്ടറിയിലും ടാറ്റ ഫാക്ടറിയിലും ഇതിനകം ഐഫോണ്‍ 16 ന്റെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ പുതിയ ഐഫോൺ 16 മോഡലുകളുടെ ഉത്പാദനം സജീവമായാൽ, ഇന്ത്യയിൽ ഐഫോൺ മോഡലുകളുടെ നിരക്കിൽ വലിയ വ്യത്യാസം ഉണ്ടായേക്കും.