ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്ള വേദിയില്‍ വെച്ച് കെ സുധാകരന് സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇന്ന് സന്തോഷമുളള ദിവസമാണെന്ന് സുധാകരന് പ്രതികരിച്ചു. ബിജെപിയുടെ മുഖവും ശബ്ദവുമായി നിന്ന് സന്ദീപ് വാര്യര്‍ വെറുപ്പിന്റയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വിട്ട് സ്നേഹത്തിന്റെയും ചേര്‍ത്തു പിടിക്കലിന്റെയും രാഷ്ട്രീയം തെരഞ്ഞെടുത്തെന്ന് അദ്ദേഹം പ്രതികരിച്ചു.
സന്ദീപ് വാര്യരെ ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന് സ്വാഗതം ചെയ്തു. സന്ദീപ് വാര്യര്‍ക്ക് ഈ പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് ജനസേവനം ചെയ്യാന്‍ കഴിയുമെന്നും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും സതീശന് ആശംസിച്ചു. വെറുപ്പിന്റെ കറ വിട്ട് സ്നേഹത്തിന്റെ രാഷ്ട്രീയം ഒരാള്‍ തെരഞ്ഞെടുത്തു. ഇതിനായി പ്രവര്‍ത്തിച്ച ബെന്നി ബെഹനാന് അടക്കമുളള നേതാക്കള്‍ക്ക് നന്ദിയുണ്ടെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
ബിജെപിയില്‍ നിന്ന് തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നും വിഷം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ താന്‍ ജോലി ചെയ്യുകയായിരുന്നുവെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ബിജെപി ഒറ്റുകാരുടെ ഒരു കൂട്ടമാണെന്നും ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തന്നെ ഒരു വര്‍ഷത്തോളം പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. താൻ സ്നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുത്തു. കോണ്‍ഗ്രസ് നേതാക്കളുമായി രാഷ്ട്രീയം പറയുമെങ്കിലും എല്ലാവരുമായി നല്ല വ്യക്തിബന്ധം സുക്ഷിക്കാറുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
തന്നെ പാര്‍ട്ടിയില്‍ തളളി കളയാന്‍ കാരണം ധര്‍മ്മരാജിന്റെ കോണ്ലിസ്റ്റില് അടക്കം തന്റെ പേര് ഇല്ല എന്നൊരു തെറ്റ് കൊണ്ടാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ബലിദാനിയുടെ ഫോട്ടോ വെച്ച് പാലക്കാട് തെരഞ്ഞെടുപ്പില്‍ വോട്ട് തേടുന്ന നിലയിലേക്ക് ബിജെപി തരംതാഴ്ന്നുവെന്നും ഇനിയും ഈ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.