തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അതൃപ്തി തുറന്ന് പറഞ്ഞ് ചാണ്ടി ഉമ്മന്‍. താന്‍ ഒഴികെ എല്ലാവര്ക്കും ചുമതല കൊടുത്തിരുന്നുവെന്നാണ് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണയ്ക്കുന്നതായും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. അതൃപ്തി അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്ന് ചൂണ്ടിക്കാണിച്ച ചാണ്ടി ഉമ്മന്‍ ഇതേക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു.
സുധാകരന്റെ നേതൃത്വത്തിലാണ് ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത്. സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച പോലും ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. പുനഃസംഘടനയില്‍ എല്ലാവര്ക്കും പ്രാതിനിധ്യം ഉണ്ടാകണമെന്നും ചില ആളുകളെ മാറ്റിനിര്‍ത്തുന്ന രീതി പാര്‍ട്ടിയില്‍ ഉണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
നേരത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ ചാണ്ടി ഉമ്മന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമാകാത്ത വിഷയത്തിലെ മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് മഹാരാഷ്ട്രയുടെയും വായനാടിന്റെയും ചുമതല ഉണ്ടെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തിയപ്പോള്‍ ചാണ്ടി ഉമ്മൻറെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ചാണ്ടി ഉമ്മന്റെ പ്രതികരണത്തില്‍ മറുപടി പറയേണ്ടത് താനല്ലെന്നും നേത്യത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു. സംഘടനയ്ക്കപ്പുറം ചാണ്ടി ഉമ്മന്‍ സഹോദര തുല്യനാണെന്നും രാഹുല്‍ പ്രതികരിച്ചു.
ചാണ്ടി ഉമ്മന്റെ മനസ്സില്‍ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. ചാണ്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചു, പക്ഷെ കിട്ടിയില്ല. എല്ലാ പ്രശ്നത്തിനും പരിഹാരം എന്ന നിലയില്‍ മുന്നോട്ട് പോകും. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന നിലയിലേക്ക് ആരും പോകരുതെന്നും അദ്ദേഹം പറഞ്ഞു.