കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ തലയുടെയും നട്ടെല്ലിന്റെയും പരിക്കിന്റെ ചികിത്സയിൽ ആശാവഹമായ പുരോഗതിയുണ്ടായതായി ഡോക്ടർമാർ അറിയിച്ചു. തലച്ചോറിന്റെ ആരോഗ്യവും ബോധാവസ്ഥയും അളക്കുന്നതിന്റെ ഭാഗമായി സെഡേഷന്റെ അളവ് കുറച്ചപ്പോൾ ഇന്ന് രാവിലെ 7 മണിയോടുകൂടി ഉമാ തോമസ് ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് പ്രതികരിച്ചതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കൂടാതെ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം കൈകളും കാലുകളും ചലിപ്പിച്ചതായും മക്കളെ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തതായും അറിയിച്ചു. എന്നാൽ ശ്വാസകോശത്തിന്റെ അവസ്ഥ സാരമായി തുടരുകയാണ്. ഇന്നലെ അപേക്ഷിച്ച് ഇന്ന് പുരോഗതിയുണ്ട്. എല്ലുകളുടെ ഒടിവുകളും അവമൂലം ശ്വാസകോശത്തിന് ഉണ്ടായ ക്ഷതവും ചതവും കുറച്ചുനാളുകൾ നീണ്ടുനിൽക്കുന്ന തീവ്രപരിചരണ ചികിത്സയിലൂടെ മാത്രമേ ഭേദപ്പെടുകയുള്ളൂ എന്നും രോഗിയുടെ വൈറ്റൽസ് സ്റ്റേബിൾ ആണെന്നും കുറച്ചുദിവസം കൂടി വെന്റിലേറ്ററിൽ തുടരേണ്ടതുണ്ടെന്നും ആശുപത്രി അധികൃതർ ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.