ആലപ്പുഴ: സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ പ്രവൃത്തിയോ സംഭവിച്ചാൽ അതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. “പൊതുസ്ഥലങ്ങളിലെല്ലാം സ്ത്രീകൾ സുരക്ഷിതരാകണം. തെറ്റായ രീതികൾ ഉണ്ടായാൽ അവയെ ശക്തമായി നേരിടും,” അദ്ദേഹം പറഞ്ഞു.നടി ഹണിറോസിന്റെ പരാതിയുമായി ബന്ധപ്പെട്ട നടപടികളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. ആലപ്പുഴയിൽ സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പിണറായിയുടെ പ്രസ്താവന. തല്ക്കാലം കുറച്ച് സീറ്റും വോട്ടും ലഭിക്കാനായി യു.ഡി.എഫ് വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുന്നുവെന്നും പിണറായി വിമർശിച്ചു.
തൃശൂരിൽ ബി.ജെ.പി. വിജയിച്ചത് കോൺഗ്രസുമായുള്ള ധാരണയുടെ ഭാഗമാണെന്ന് പിണറായി ആരോപിച്ചു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിൽ കോണ്‍ഗ്രസിനു കിട്ടിയ 86,000-ത്തോളം വോട്ടാണ് 2024-ൽ ബി.ജെ.പി സ്ഥാനാര്‍ത്ഥിയിലേക്ക് മറിഞ്ഞതെന്നും മുഖ്യമന്ത്രി ആരോപിച്ചു.യു.ഡി.എഫ്. ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും കൂട്ടുപിടിക്കുകയാണെന്നും, മുസ്ലിം ലീഗിന്റെ കാര്യങ്ങളിൽ അവർ ആധിപത്യം സ്ഥാപിക്കുകയാണെന്നും പിണറായി പറഞ്ഞു.