കൊച്ചി: സിനിമകള്‍, ടിവി ഷോകള്‍, സെലിബ്രിറ്റികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ ശ്രോതസ്സായ IMDb (www.imdb.com) യുടെ ബ്രേക്ക് ഔട്ട് സ്റ്റാര്‍ സ്റ്റാര്‍ മീറ്റര്‍ പുരസ്കാരം മലയാളി അഭിനേത്രിയായ കനി കുസൃയ്ക്ക്. ലോകമെമ്പാടുമുള്ള പ്രതിമാസം 250 മില്യണിലധികം ഐഎംഡിബി സന്ദര്‍ശകരുടെ പേജു വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഐഎംഡിബി ഡാറ്റ പ്രകാരമാണ് ഈ പുരസ്കാരം നിശ്ചയിച്ചത്. സമീപകാലത്ത് ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ലോകമെങ്ങുമുള്ള സിനിമാ പ്രേമികളുടേയും നിരൂപകരുടേയും ശ്രദ്ധനേടിയ കലാകാരിയാണ് കനി കുസൃതി.
പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തില്‍ മുംബൈയില്‍ ജോലി ചെയ്യുന്ന പ്രഭയെന്ന മലയാളി നഴ്സിന്റെ വേഷമാണ് കനി കുസൃതി അവതരിപ്പിച്ചത്. ഈ ചിത്രം 2024-ല്‍ കാന്‍സ് ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രിക്സ് സ്വന്തമാക്കിയിരുന്നു. 82-മത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ രണ്ട് നോമിനേഷന്‍സും ഈ ചിത്രത്തിനു ലഭിച്ചു. ചിത്രത്തിന്റെ പുതിയ സ്ട്രീമിംഗ് റിലീസിന് ശേഷം, കനി കുസൃതി ഐഎംഡിബിയുടെ പോപ്പുലര്‍ ഇന്ത്യന്‍ സെലിബ്രിറ്റീസ് ലിസ്റ്റില്‍ ശ്രദ്ധേയയായി.
കേരള കഫെ, ബിരിയാണി തുടങ്ങിയവയാണ് കനി കുസൃതി അഭിനയിച്ച മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 40-മത് Independent Spirit Awards-ലേക്ക് ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്ന ചിത്രത്തിലെ മികച്ച സഹനടിയായി അവരെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. കൂടാതെ, ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിനും നാമനിര്‍ദ്ദേശം നേടുകയുണ്ടായി. ഐഎംഡിബി പുരസ്കാരം നേടാനായതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണെന്ന് കനി കുസൃതി പറഞ്ഞു.