2026 കേരളത്തെ സംബന്ധിച്ച് അതിനിർണായകമായ വർഷമാണ്. ആ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചും മുന്നണികളെ സംബന്ധിച്ചും നിലനിൽപ്പിന്റെ പോലും പ്രശ്നമാണ്. വരുന്ന തെരഞ്ഞെടുപ്പിൽ പരാജയമാണ് സംഭവിക്കുന്നതെങ്കിൽ യുഡിഎഫിന് ഇതിലും വലിയ തിരിച്ചടി ലഭിക്കാനില്ല. പിന്നീട് രാഷ്ട്രീയ കേരളത്തിൽ യുഡിഎഫിന് ഒരു തിരിച്ചുവരവ് പോലും സാധ്യവുമല്ല.
രാജ്യത്ത് കേരളത്തിൽ മാത്രം ഭരണം ഉള്ള സിപിഎമ്മിനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അത്രമേൽ നിർണായകം തന്നെയാണ്. ജില്ലകൾ കേന്ദ്രീകരിച്ചും മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും മുന്നണികളും പാർട്ടികളും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ മൂന്നിടത്തും ഇടതുമുന്നണിയാണ് വിജയിച്ചിരിക്കുന്നത്.
മഞ്ചേശ്വരത്തും കാസറഗോഡും മാത്രമാണ് യുഡിഎഫിന്റെ ഭാഗമായ ലീഗിന് വിജയിക്കുവാൻ കഴിഞ്ഞത്. മഞ്ചേശ്വരത്ത് 2021 മുതൽ മുസ്ലീം ലീഗിലെ എകെഎം അഷ്റഫാണ് മണ്ഡലത്തിന്റെ നിയമസഭാ പ്രതിനിധി. കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽപ്പെടുന്ന മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം.
2011 മുതൽ 2018 വരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ പി.ബി. അബ്ദുൾ റസാഖ് ആണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. പി.ബി. അബ്ദുൾ റസാഖിന്റെ മരണശേഷം 2019 ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എം സി ഖമറുദീൻ 7923 വോട്ടിനു ജയിക്കുയായിരുന്നു. മഞ്ചേശ്വരത്ത് ലീഗിന് തൊട്ടു പിന്നിലുള്ളത് ബിജെപിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആയിരത്തിൽ താഴെ വോട്ടുകൾക്ക് മാത്രമാണ് അവിടെ ബിജെപി പരാജയപ്പെട്ടത്.
യുഡിഎഫ് മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവെച്ചില്ലെങ്കിൽ മികച്ച ഒരു സ്ഥാനാർത്ഥിയിലൂടെ ബിജെപിക്ക് മഞ്ചേശ്വരം അനായാസം പിടിച്ചെടുക്കുവാൻ കഴിയുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അടക്കം സിപിഎം വോട്ടുകൾ വ്യാപകമായി ബിജെപിയിലേക്ക് പോയിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലും അത് ആവർത്തിച്ചാൽ ബിജെപിക്ക് വിജയിക്കുവാനുള്ള അവസരമൊരുങ്ങും. കാസർഗോഡ് താലൂക്കിലാണ് കാസർഗോഡ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. മുസ്ലിം ലീഗിലെ എൻ എ നെല്ലിക്കുന്ന് ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
കാസർഗോഡ് മുനിസിപ്പാലറ്റിയും, മൊഗ്രാൽ പുത്തൂർ, മധൂർ ഗ്രാമപഞ്ചായത്ത്, ബദിയഡുക്ക, കുംബഡാജെ, ബേലൂർ, ചെങ്കള, കാറഡുക്ക എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കാസർഗോഡ് നിയമസഭാമണ്ഡലം. 1978 മുതൽ 2011 വരെ ലീഗിലെ സി ടി അഹമ്മദലിയാണ് മണ്ഡലത്തെ നയിച്ചിരുന്നത്. 2011 മുതലാണ് എൻ എ നെല്ലിക്കുന്ന് കാസർഗോഡ് മണ്ഡലത്തിലെ എംഎൽഎയായി തുടരുന്നത്. ഇടതുപക്ഷത്തിന് കാര്യമായ വോട്ടുകൾ ഇല്ലാത്ത മണ്ഡലം കൂടിയാണ് കാസർഗോഡ്. ഇവിടെയും ലീഗിന്റെ മുഖ്യ എതിരാളി ബിജെപി തന്നെയാണ്. അവസാന തെരഞ്ഞെടുപ്പിലും പതിനായിരത്തേക്കാൾ വോട്ടിന്റെ ഭൂരിപക്ഷം ബിജെപിയോട് ലീഗിന് ഉണ്ടായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും കാസർഗോഡ് ലീഗ് തന്നെ നിലനിർത്തുവാനാണ് സാധ്യത.
ബിജെപി എത്ര വമ്പൻ സ്ഥാനാർത്ഥിയെ നിർത്തിയാലും കാസർഗോട്ടെ ലീഗ് വിജയം അട്ടിമറിക്കുവാൻ കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. കാസർകോട് താലൂക്കിലുൾപ്പെടുന്ന ചെമ്മനാട്, ദേലംപാടി, ബേഡഡുക്ക, മുളിയാർ, കുറ്റിക്കോൽ എന്നീ ഗ്രാമപഞ്ചായത്തുകളും, ഹോസ്ദുർഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂർ-പെരിയ, ഉദുമ, എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് ഉദുമ നിയമസഭാമണ്ഡലം. 1991 മുതൽ തുടർച്ചയായി സിപിഎം തന്നെയാണ് മണ്ഡലത്തിൽ വിജയിച്ചു വരുന്നത്. സി എച്ച് കുഞ്ഞമ്പു ആണ് നിലവിലെ ഉദുമ എംഎൽഎ. അതിനു മുൻപ് രണ്ട് തവണകളായി കെ കുഞ്ഞിരാമനും കെ വി കുഞ്ഞിരാമനും പി രാഘവനും മണ്ഡലത്തെ നയിച്ചിട്ടുണ്ട്.
1987ൽ കെ പി കുഞ്ഞികണ്ണനാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചു വരുന്ന പ്രധാനപ്പെട്ട കോൺഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട പെരിയ ഉദുമ നിയോജക മണ്ഡലത്തിൽ പെട്ട സ്ഥലമാണ്. ഇരട്ട കൊലപാതകം വലിയ ചർച്ചയാക്കിയിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം തന്നെ വിജയിക്കുകയായിരുന്നു. ആ തെരഞ്ഞെടുപ്പിൽ സിപിഎം വിജയിക്കുമ്പോഴും കോൺഗ്രസ് സ്ഥാനാർത്ഥിയായ പെരിയ ബാലകൃഷ്ണൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അദ്ദേഹം ആകട്ടെ ഇപ്പോൾ കോൺഗ്രസ് പാർട്ടിക്ക് പുറത്തുമാണ്. മുൻ എംഎൽഎ കൂടി പ്രതിയായ ഇരട്ടക്കൊലപാതകത്തിന്റെ വൈകാരിക പരിസരം നിലനിൽക്കുന്ന ഉദുമയിൽ രക്തസാക്ഷി കുടുംബത്തിലെ തന്നെ ഒരാളെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം കോൺഗ്രസ് നടത്തുന്നുണ്ട്.
അത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളിലൂടെ മണ്ഡലം തിരിച്ചു പിടിക്കുവാൻ കഴിയുമെന്നാണ് കോൺഗ്രസ് കരുതുന്നത്. കാഞ്ഞങ്ങാട് നഗരസഭയും, അജാനൂർ, ബളാൽ, കള്ളാർ, കിനാനൂർ-കരിന്തളം,കോടോം-ബേളൂർ, മടിക്കൈ, പനത്തടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കാഞ്ഞങ്ങാട്. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. സിപിഐയിലെ ഇ. ചന്ദ്രശേഖരൻ ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ പ്രധാന നഗരമാണ് കാഞ്ഞങ്ങാട്. മാത്രമല്ല, കാസര്‍ഗോഡ് ജില്ലയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. കാസര്‍ഗോഡ് പട്ടണത്തില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് കാഞ്ഞങ്ങാട് സ്ഥിതിചെയ്യുന്നത്. ഇടതുമുന്നണിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാഞ്ഞങ്ങാട്ട് സിപിഐ തന്നെ വിജയിക്കുന്നതിനുള്ള സാധ്യതകൾ ആണ് ഉള്ളത്. കാസർഗോഡ് ജില്ലയിലെ ഏറ്റവും ഒടുവിലത്തെ മണ്ഡലമാണ് തൃക്കരിപ്പൂര്‍.
1957 മുതൽ 1977 വരെ നിലവിലുണ്ടായിരുന്ന നീലേശ്വരം മണ്ഡലത്തിന് പകരമായാണ് തൃക്കരിപ്പൂർ മണ്ഡലം നിലവിൽ വന്നത്. നീലേശ്വരം നഗരസഭ,ചെറുവത്തൂർ, തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് തൃക്കരിപ്പൂർ നിയമസഭാമണ്ഡലം. 1977 മുതൽ സിപിഎം സ്ഥാനാർത്ഥികൾ മാത്രമാണ് മണ്ഡലത്തിൽ വിജയിച്ചു വന്നിട്ടുള്ളത്.
കേരളത്തെ ഒരുകാലത്ത് നയിച്ചിരുന്ന ഇ കെ നയനാർ പ്രതിനിധീകരിച്ച മണ്ഡലം കൂടിയാണ് തൃക്കരിപ്പൂർ. സ്ഥിരമായി കോൺഗ്രസിന്റെ കൈവശമുള്ള സീറ്റിൽ കഴിഞ്ഞതവണ യുഡിഎഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗമായിരുന്നു മത്സരിച്ചത്. വരുന്ന തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം തന്നെയാണ് മത്സരിക്കുന്നതിനുള്ള സാധ്യത കാണുന്നത്. അങ്ങനെ വരുമ്പോൾ സിപിഎം തന്നെ വീണ്ടും വിജയിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ജില്ലയിലെ മണ്ഡലങ്ങളെ മൊത്തത്തിൽ പരിശോധിക്കുമ്പോൾ ഒരിടത്ത് ബിജെപിയും ഒരിടത്ത് യുഡിഎഫിന്റെ ഭാഗമായ ലീഗും മറ്റൊരിടത്ത് കോൺഗ്രസും ബാക്കിയുള്ള രണ്ടിടങ്ങളിൽ ഇടതുമുന്നണിയുടെ ഭാഗമായുള്ള സിപിഎമ്മും സിപിഐയും വിജയിക്കുന്നതിനുള്ള സാധ്യതകൾ ആണ് കാണുന്നത്.