ഒരുമാസത്തോളം നീണ്ട കാടടച്ചുള്ള ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന് വയനാട്ടിലും ചേലക്കരയിലും ആവേശോജ്ജ്വല പരിസമാപ്തി. ഉച്ച മുതല്‍ ആരംഭിച്ച റോഡ് ഷോയ്ക്ക് ഒടുവില്‍ വിവിധ ഇടങ്ങളില്‍ അരങ്ങേറിയ കലാശക്കൊട്ടോടെയാണ് പരസ്യപ്രചരണത്തിന് തിരശീല വീണത്. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രവര്‍ത്തകര്‍ ആട്ടവും പാട്ടുമായി കൊട്ടിക്കലാശം ജോറാക്കി.
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ടാണ് ശ്രദ്ധയാകര്‍ഷിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സഹോദരനും എംപിയുമായ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രചാരണം തുടര്‍ന്ന പ്രിയങ്ക കൊട്ടിക്കലാശത്തിന് പിന്നാലെ മടങ്ങി. ബത്തേരിയില്‍ പ്രിയങ്കയും രാഹുലും റോഡ് ഷോ നടത്തി.
പ്രിയങ്കയുടെ ചിത്രം പതിപ്പിച്ച തൊപ്പി ധരിച്ച് വന്‍ജനാവലിയാണ് എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന് മൊകേരി കല്‍പ്പറ്റയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് ക്രെയിനില്‍ കയറിയാണ് കലാശക്കൊട്ടിന് ആവേശം നല്‍കിയത്.
മണ്ഡലത്തിലെ ചരിത്രഭൂരിപക്ഷത്തോടെ പ്രിയങ്കയെ വിജയിപ്പിക്കാനുള്ള കഠിനപരിശ്രമങ്ങളാണ് കഴിഞ്ഞ ഒരുമാസത്തോളമായി വയനാട്ടില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തുന്നത്. വയനാടിനെ രാഹുല്‍ ഗാന്ധി കൈവിട്ടെന്ന ആരോപണമാണ് എല്‍ഡിഎഫും എന്‍ഡിഎയും പ്രചരണരംഗത്ത് ഉയര്‍ത്തിയത്.
ചേലക്കരയിലാണ് ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്നത്. ചേലക്കര ടൗണിലാണ് മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശം നടത്തിയത്. മണ്ഡലത്തിലെ എല്‍ഡിഎഫ് കുത്തക തകര്‍ത്ത് തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ കലാശക്കൊട്ടിന് പാലക്കാടെ സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കി.