മുംബൈ : മഹാരാഷ്ട്രയിൽ നേതാക്കളുടെ വാക്പോര് കടുക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേതക്കളുടെ പോര്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് ആദിത്യ താക്കറെയാണ് ഏറ്റവും അവസാനം ബി.ജെ.പിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദുത്വത്തിൽ ബി.ജെ.പിക്ക് ഇരട്ട നിലപാടാണ് ഉള്ളതെന്ന് ആദിത്യ താക്കറെ വിമർശിച്ചു. ഹിന്ദുത്വത്തിന്റെ പേരിൽ ആളുകളോട് എന്ത് കഴിക്കണമെന്നും ഏത് വസ്ത്രം ധരിക്കണമെന്നും തങ്ങൾ പറയാറില്ലെന്ന് ആദിത്യ താക്കറെ പറഞ്ഞു.
കരാർ മുഖ്യമന്ത്രിയാണ് ഇപ്പോൾ മഹാരാഷ്ട്ര ഭരിക്കുന്നത്. മഹാരാഷ്ട്രക്ക് അത് അറിയാം. തന്റെ പിതാവിന്റെ പിന്നിൽ കുത്തിയാണ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്.
ഈ സംസ്ഥാനം എങ്ങോട്ടാണ് പോകുന്നത്. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം ഏറ്റെടുക്കാൻ മഹാരാഷ്ട്ര നിർബന്ധിതമാവുകയാണ്. മഹാരാഷ്ട്രക്കും മുംബൈക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾ ആക്രമിക്കപ്പെടുമ്പോൾ എന്തിനാണ് ബംഗ്ലാദേശുമായി ക്രിക്കറ്റ് സീരിസ് കളിച്ചതെന്തിനാണെന്നും ആദിത്യ താക്കറെ ചോദിച്ചു.
ചൊവ്വാഴ്ചയാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് തീയതി കമീഷൻ പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര നിയമസഭയിലേക്ക് നവംബർ 20ന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. 288 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്.
ജാർഖണ്ഡിൽ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം നവംബർ 13നും രണ്ടാം ഘട്ടം 20നും നടക്കും. 23നാണ് വോട്ടെണ്ണൽ. 81 അംഗ ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി അഞ്ചിനാണ് അവസാനിക്കുന്നത്.