പെര്‍ത്ത് : ഓസീസിനെ അവരുടെ മണ്ണില്‍ മലര്‍ത്തിയടിച്ച് കരുത്ത് കാട്ടി ഇന്ത്യ. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കംഗാരുക്കളെ തകര്‍ത്തുവിട്ടത് 295 റണ്‍സിന്. 534 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ വെറും 238 റണ്‍സിന് പുറത്തായി.
മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ത്തത്. ആദ്യ ഇന്നിംഗ്സിലെ അഞ്ചും ഉള്‍പ്പെടെ മത്സരത്തില്‍ മൊത്തം എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ നായകന് ബുംറയാണ് കളിയിലെ താരം.
പെർത്തിൽ റൺമല തീർത്ത് ബാറ്റർമാർ, ഇന്ത്യ വിജയത്തിലേക്ക്
മൂന്നിന് 12 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഖവാജയെ നഷ്ടമായി. സ്കോര്‍ 79 ല്‍ നില്‍ക്കെ അവരുടെ സ്റ്റാര്‍ ബാറ്റര്‍ സ്മിത്തും മടങ്ങി. രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് സിറാജ്. പിന്നീട് വന്ന ട്രാവിസ് ഹെഡ് (89), മിച്ചല്‍ മാര്‍ഷ് (47), അലക്സ് കാരി (36) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് സ്കോര്‍ 200 കടത്തിയത്. വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഒരു ദിവസത്തിലേറെ കളി ശേഷിക്കെയാണ് ഇന്ത്യ മിന്നും ജയം സ്വന്തമാക്കിയത്.
ഓസീസ് മണ്ണില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വിജയമാണിത്. ആദ്യ ഇന്നിംഗ്സില്‍ വെറും 150 റണ്‍സിന് പുറത്തായ ഇന്ത്യ പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. എതിരാളികളെ 104 റണ്‍സിന് പുറത്താക്കി.
രണ്ടാം ഇന്നിംഗ്സില്‍ ബാറ്റര്‍മാര്‍ അഴിഞ്ഞാടിയപ്പോള്‍ ആറ് വിക്കറ്റിന് 487 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇന്ത്യയുടെ യുവനിരയ്ക്ക് മുന്നില്‍ ബാറ്റിംഗിലും ബൗളിംഗിലും പിടിച്ചു നില്ക്കാന് ഓസീസിന് കഴിഞ്ഞില്ല. ഡിസംബര്‍ ആറ് മുതല്‍ അഡ്ലെയ്ഡിലെ ഓവല്‍ സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്.