കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രിക കാറിടിച്ച് മരിച്ച സംഭവത്തില്‍ അപകട സമയം കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന വിവരം പുറത്ത്. കേസിലെ പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ള കാറാണ് അപകടം വരുത്തിയത്. കാറിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. അപകടം നടന്ന് തൊട്ടടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കി. പതിനാറ് മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് ഇന്‍ഷുറന്‍സ് പുതുക്കിയത്.
പതിനഞ്ചാം തീയതിയാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്കൂട്ടര്‍ യാത്രികയായ കുഞ്ഞുമോളെ കാര്‍ ഇടിച്ചിടുകയായിരുന്നു. ഇതിന് ശേഷം കാര്‍ ശശീരത്തിലൂടെ കയറ്റിയിറക്കി നിര്‍ത്താതെപോകുകയായിരുന്നു. പതിനാറിന് പുലര്‍ച്ചെ അജ്മലിനെ പൊലീസ് പിടികൂടി. അജ്മലിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ഡോക്ടറുമായ ശ്രീക്കുട്ടിയും കേസില്‍ പ്രതിയാണ്.