അഡ്ലെയ്ഡ്: പിങ്ക് ബോൾ വീണ്ടും ഇന്ത്യയെ ചതിച്ചു. അഡ്ലെയ്ഡിൽ നടന്ന ഡേ നൈറ്റ് ടെസ്റ്റിൽ ഓസീസിന് എതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റിൻ്റെ നാണം കെട്ട തോൽവി. രണ്ടാം ഇന്നിങ്സിൽ വെറും 175 റൺസിന് ഇന്ത്യയെ പുറത്താക്കിയ ആതിഥേയർ വിജയലക്ഷ്യമായ 19 റൺസ് വിക്കറ്റ് നഷ്ടം കൂടാതെ അടിച്ചെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമും 1-1 എന്ന നിലയിൽ ആയി. പെർത്തിലെ ഒന്നാം ടെസ്റ്റിൽ 295 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.
മൂന്നാം ദിനമായ ഇന്ന് അഞ്ചിന് 128 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് അതെ സ്കോറിൽ തന്നെ പന്തിൻ്റെ വിക്കറ്റ് നഷ്ടമായി. തലേന്നത്തെ സ്കോറിനോട് 47 റൺസ് കൂടി മാത്രം ചേർത്ത് ഇന്ത്യ പുറത്തായി. രണ്ടാം ഇന്നിങ്സിലും 42 റൺസ് എടുത്ത നിതീഷ് ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കമ്മിൻസ് ആണ് ഇന്ത്യയെ തകർത്തത്. രാഹുലും രോഹിതും ഉൾപ്പെടെ അഞ്ച് ഇന്ത്യൻ ബാറ്റർമാർക്ക് രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.
നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 180 റൺസിന് പുറത്തായിരുന്നു. മറുപടിയായി 337 റൺസ് എടുത്ത ഓസീസ് 157 റൺസിൻ്റെ ലീഡ് ആണ് സ്വന്തമാക്കിയത്. 140 റൺസ് എടുത്ത ട്രാവിസ് ഹെഡ് ആണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഹെഡ് ആണ് കളിയിലെ താരം.