കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫ്ളുവന്‍സ പനി പടരുന്നതായി റിപ്പോര്‍ട്ട്. കാസര്‍കോട് ജില്ലയിലെ പടന്നക്കാട് കാര്‍ഷിക കോളേജില്‍ മുപ്പതോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇന്‍ഫ്ളുവന്‍സ പനിബാധ തിരിച്ചറിയുന്നത്. സാമ്പിള്‍ ശേഖരണത്തില്‍ ഒന്‍പത് പേര്‍ക്ക് ഇന്‍ഫ്ളുവന്‍സാ എ വിഭാഗത്തില്‍പ്പെട്ട പനിബാധയാണ് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേക്ക് വൈറസ് വ്യാപിക്കുന്നു. ഇത് ശ്വസിക്കുമ്പോഴും വൈറസിനാല്‍ മലിനമിക്കപ്പെട്ട വസ്തുക്കള്‍ വഴിയുമാണ് രോഗപകര്‍ച്ച ഉണ്ടാകുന്നത്.
പനി ബാധിച്ച് ആശുപത്രിയെ സമീപിക്കുന്ന രോഗികളുടെ എണ്ണം കൂടി വരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ചികിത്സ ഉറപ്പാക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ ഏ വി രാംദാസ് അറിയിച്ചു. ജലദോഷം, ചുമ, പനിതൊണ്ട വേദന തലവേദന ശരീര വേദന, ക്ഷീണം, വിറയല്‍, എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍ ഛര്‍ദ്ദിയും വയറിളക്കവും കൂടെ ഉണ്ടാകും. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ച് വായും മൂക്കും മറക്കുക, കൈകള്‍ സോപ്പിട്ട് കൂടെ കൂടെ കഴുകുക. മാസ്ക് ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുക, പോഷക ആഹാരം കഴിക്കുക തുടങ്ങിയവയാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍.