വാഷിങ്ടണ്‍: ഫോളോവേഴ്സായ യുവതികളെ അനധികൃതമായി കടത്തിക്കൊണ്ടുപോകുകയും തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളൂവന്‍സറും മോഡലുമായ യുവതിക്ക് തടവുശിക്ഷ. മുൻ ബ്രസീലിയന്‍ മോഡലും വെല്‍നെസ്സ് ഇന്‍ഫ്ളുവന്‍സറുമായ കാറ്റ് ടോറസിനാണ് കോടതി എട്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. 2022-ല്‍ കാണാതായ രണ്ട് യുവതികളെ ടോറസ് കടത്തിക്കൊണ്ടുപോയെന്ന് എഫ്.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് കോടതി യുവതിയെ ശിക്ഷിച്ചത്.
വാഷിങ്ടണ്‍: ഫോളോവേഴ്സായ യുവതികളെ അനധികൃതമായി കടത്തിക്കൊണ്ടുപോകുകയും തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളൂവന്‍സറും മോഡലുമായ യുവതിക്ക് തടവുശിക്ഷ. മുൻ ബ്രസീലിയന്‍ മോഡലും വെല്‍നെസ്സ് ഇന്‍ഫ്ളുവന്‍സറുമായ കാറ്റ് ടോറസിനാണ് കോടതി എട്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. 2022-ല്‍ കാണാതായ രണ്ട് യുവതികളെ ടോറസ് കടത്തിക്കൊണ്ടുപോയെന്ന് എഫ്.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് കോടതി യുവതിയെ ശിക്ഷിച്ചത്.
കാറ്റ് ടോറസ് തങ്ങളെ കടത്തിക്കൊണ്ടുപോയെന്നും അടിമകളെപ്പോലെയാണ് കൈകാര്യംചെയ്തിരുന്നതെന്നും കേസിലെ ഇരകളായ യുവതികള്‍ വെളിപ്പെടുത്തിയിരുന്നു. യുവതികളെ സ്വാധീനിച്ച് കടത്തിക്കൊണ്ടുപോയശേഷം ക്രൂരമായി പീഡിപ്പിക്കുകയും ശമ്പളവും ഭക്ഷണവും നിഷേധിച്ച് മണിക്കൂറുകളോളം ജോലിചെയ്യിപ്പിച്ചെന്നുമാണ് കാറ്റിനെതിരേയുള്ള കുറ്റങ്ങള്‍. വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായും മന്ത്രവാദത്തിനിരയാക്കിയെന്നും യുവതികള്‍ മൊഴിനല്‍കിയിരുന്നു.ഇന്‍സ്റ്റഗ്രാമില്‍ കാറ്റ് ടോറസിന്റെ ഫോളോവേഴ്സായിരുന്ന യുവതികളാണ് ഇവരുടെ ക്രൂരതയ്ക്കിരയായത്. ഒന്നുമില്ലായ്മയില്‍നിന്ന് ടോറസ് നേടിയ വളര്‍ച്ചയും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന ഇവരുടെ വീഡിയോകളുമാണ് യുവതികളെ ആകര്‍ഷിച്ചിരുന്നത്. ബ്രസീലില്‍നിന്ന് അമേരിക്കയിലേക്ക് ചേക്കേറിയ കാറ്റ് ടോറസ് വിവിധ മാഗസിനുകളുടെ കവര്‍ഗേള്‍ ആയിരുന്നു. ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുമായി ടോറസ് അടുപ്പത്തിലാണെന്നും ഗോസിപ്പുകളുണ്ടായിരുന്നു.
ലിവ് ഇന്‍ അസിസ്റ്റന്റ് എന്ന പേരിലാണ് ഇരകളിലൊരാളായ യുവതിയെ കാറ്റ് ടോറസ് ജോലിക്കായി നിയോഗിച്ചിരുന്നത്. ബ്രസീലില്‍നിന്ന് അമേരിക്കയിലെത്തിയ യുവതി ടോറസിന്റെ വീട്ടിലെ ജോലിക്കൊപ്പം ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പഠനവും നടത്തിയിരുന്നു. ടോറസിനുവേണ്ടി ഭക്ഷണമുണ്ടാക്കുക, വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുക തുടങ്ങിയവയായിരുന്നു യുവതിയുടെ ജോലി. ഇതിന് രണ്ടായിരം ഡോളര്‍ ശമ്പളവും വാഗ്ദാനംചെയ്തു. എന്നാല്‍, ടോറസിന്റെ വീട്ടിലെത്തിയ യുവതിക്ക് അതിക്രൂരമായ പീഡനമാണ് നേരിടേണ്ടിവന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പൂച്ചകള്‍ മലമൂത്രവിസര്‍ജനം നടത്തുന്ന സോഫയാണ് യുവതിക്ക് കിടക്കാനായി നല്‍കിയത്. മാത്രമല്ല, ഒരുദിവസം ഏതാനും മണിക്കൂറുകള്‍ മാത്രമേ യുവതിയെ ഉറങ്ങാന്‍ അനുവദിച്ചിരുന്നുള്ളൂ. ഇതിനുപുറമേ വാഗ്ദാനം ചെയ്ത ശമ്പളവും യുവതിക്ക് നിഷേധിച്ചു. കാറ്റ് ടോറസിന്റെ പീഡനം സഹിക്കവയ്യാതെ യുവതി ഇവിടെനിന്ന് രക്ഷപ്പെട്ടു. ഇതിനുപിന്നാലെയാണ് മറ്റ് രണ്ടുയുവതികളെ പ്രതി വീട്ടിലെത്തിച്ചത്. ഇവര്‍ക്കും സമാനമായ പീഡനം നേരിടേണ്ടിവന്നെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
രണ്ട് യുവതികളെയും മുറിയില്‍ പൂട്ടിയിട്ടായിരുന്നു ഉപദ്രവം. മുറിയില്‍നിന്ന് പുറത്തുപോകണമെങ്കില്‍ കാറ്റ് ടോറസിന്റെ അനുമതി വേണമായിരുന്നു. ശൗചാലയം ഉപയോഗിക്കാന്‍ പോലും ടോറസിന്റെ അനുമതി തേടണമെന്നതായിരുന്നു സ്ഥിതി. നിര്‍ബന്ധിച്ച് മയക്കുമരുന്നും നല്കി. ഇതിനൊപ്പം വേശ്യാവൃത്തിക്കും പ്രതി യുവതികളെ നിര്‍ബന്ധിച്ചു. ആദ്യം സ്ട്രിപ്പ് ക്ലബുകളില്‍ ജോലിചെയ്യാനായിരുന്നു നിര്‍ദേശം. പിന്നാലെ സ്വന്തംനിലയില്‍ വേശ്യാവൃത്തി ചെയ്ത് പണം സമ്പാദിച്ചുകൊണ്ടുവരാനും ആവശ്യപ്പെട്ടു. ഓരോദിവസവും നിശ്ചിത തുക സമ്പാദിക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. വേശ്യാവൃത്തിയിലൂടെ ഇത്രയും തുക കണ്ടെത്താനായില്ലെങ്കില്‍ രാത്രി മടങ്ങിയെത്തിയാല്‍ വീട്ടില്‍പോലും കയറ്റാറില്ലെന്നും യുവതികള്‍ പറഞ്ഞു.
ടോറസിന്റെ പീഡനത്തിനിരയായ യുവതികളുടെ ബന്ധുക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണമാണ് നടുക്കുന്ന സംഭവം പുറംലോകമറിയാന്‍ കാരണമായത്. യുവതികളെ കാണാനില്ലെന്നുകാട്ടി ബന്ധുക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതോടെ വിഷയം മാധ്യമശ്രദ്ധ നേടി. ഇതോടെ കാറ്റ് ടോറസ് ടെക്സാസില്‍നിന്ന് യുവതികളെയും കൂട്ടി മുങ്ങി. ഇവിടെവെച്ച് യുവതികളെ നിര്‍ബന്ധിച്ച് വീഡിയോയും ചെയ്യിപ്പിച്ചു. തങ്ങളെ തട്ടിക്കൊണ്ടുപോയില്ലെന്നും തങ്ങള്‍ക്കായുള്ള അന്വേഷണം അവസാനിപ്പിക്കണമെന്നുമാണ് വീഡിയോയിലൂടെ ഇവരെക്കൊണ്ട് പറയിപ്പിച്ചത്. എന്നാല്‍, വൈകാതെ തന്നെ ടോറസ് പിടിയിലാവുകയായിരുന്നു.