വീണ്ടും പണിമുടക്കി യാത്രക്കാരെ വലച്ച് ഇന്ത്യൻ റെയില്‍വേയുടെ ഓണ്‍ലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോമായ ഐആർസിടിസി . ഇതോടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റെടുക്കാൻ സാധിക്കാത്ത അവസ്ഥയിലായി യാത്രക്കാർ.ടിക്കറ്റ് ബുക്കുചെയ്യാനായി സൈറ്റോ ആപ്പോ തുറന്നാല്‍ ‘മെയിന്റനൻസ് കാരണം ഇ ടിക്കറ്റിംഗ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക’ എന്ന അറിയിപ്പാണ് ലഭിക്കുക.
ഇതുകാരണം ഏറെ ബുദ്ധിമുട്ടിലാക്കുന്നത് തല്‍ക്കാല്‍ ബുക്കിംഗുകാരെയാണ്. കൂടാതെ ടിക്കറ്റ് റദ്ദാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർ കസ്റ്റമർ കെയറിലേക്ക് വിളിക്കുകയോ മെയില്‍ അയക്കുകയോ ചെയ്യണമെന്ന നിർദ്ദേശവും ഉണ്ട്.
പ്രീമിയം തല്‍ക്കാല്‍ ടിക്കറ്റുകള്‍ക്ക് പ്രശ്നമൊന്നുമില്ലെന്നാണ് റിപ്പോർട്ട് . പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത് രാവിലെ പത്തുമണിയോടെ എസി കോച്ചുകളിലേക്കുള്ള തല്‍ക്കാല്‍ റിസർവേഷന്‍ യാത്രക്കാർ ശ്രമിച്ചപ്പോഴാണ്. അതേസമയം വലിയതട്ടിപ്പാണ് ഇതിന് പിന്നിലെന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലർ . വെബ്സൈറ്റിലെയും ആപ്പിലെയും പ്രശ്നങ്ങളെ സംബന്ധിച്ച് റെയിവേയോ ഐആർസിടിസിയോ പ്രതികരിച്ചിട്ടില്ല. കൂടാതെ എപ്പോള്‍ ഇത് പ്രവർത്തനക്ഷമമാകുമെന്നും വ്യക്തമല്ല. ഈ മാസം ഇത് രണ്ടാംതവണയാണ് ഐആർസിടിസി വെബ്സൈറ്റ് പണിമുടക്കുന്നത്.