വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്ക് മാത്രമല്ല നിർണായകം. അതിനപ്പുറത്തേക്ക് സംസ്ഥാനത്തിന്റെ ഭരണവും വിവിധ സീറ്റുകളും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന മറ്റു ചിലരും ഉണ്ട്. ഭരണത്തെ ഏതെങ്കിലും തരത്തിൽ തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിക്കുവാനും വിലപേശലുകൾ നടത്തുവാനും കഴിയുന്നത്ര അവസരം ഒരുക്കലാണ് അവരുടെയൊക്കെ ലക്ഷ്യം. ആ കൂട്ടത്തിൽ പ്രധാനപ്പെട്ടവരാണ് കാസ. വരുന്ന തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനുള്ള തിരക്കിലാണ് അവർ. ബിജെപിക്ക് സഹായകരമാകുന്ന തീരുമാനങ്ങളും നിലപാടുകളും ആയിരുന്നു അവർ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ളത്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണവും സംഘപരിവാറിന് ഗുണകരമാകുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.
പലപ്പോഴും ഇസ്ലാമോഫോബിക് എന്ന് വിളിക്കപ്പെടുന്ന കാസ, പൗരത്വ ഭേദഗതി നിയമം, ‘ലവ് ജിഹാദ്’, മുത്തലാഖ് എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ബിജെപി അനുകൂല നിലപാടുകളെയാണ് കാസ പിന്തുണയ്ക്കുന്നത്. ഒരു ഘട്ടത്തിൽ സംസ്ഥാനത്തെ ക്രൈസ്തവരെയും ബിജെപിയെയും അടുപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് കാസ ആയിരുന്നു. ഇതേ തുടർന്ന് ഇവിടുത്തെ ക്രൈസ്തവരാകട്ടേ ബിജെപിയോട് അടുക്കുന്ന സമീപനം സ്വീകരിച്ചിരുന്നു. എന്നാല്‍, വടക്കേ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അക്രമങ്ങള്‍, മണിപ്പൂര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ എല്ലാം ക്രൈസ്തവരെ ബിജെപിയോട് അടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിച്ചിരുന്നു. മതപരിവര്‍ത്തന നിരോധന നിയമം ക്രൈസ്തവ വേട്ടയ്ക്കുള്ള ആയുധമെന്നു കേരള കത്തോലിക്ക മെത്രാന് സമിതി വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളില്‍ വ്യാപക ക്രൈസ്തവ വേട്ടയാണു നടക്കുന്നതെന്നായിരുന്നു കെസിബിസി അവരുടെ ആശങ്ക തുറന്നുപറഞ്ഞത്. അതേസമയം, ക്രൈസ്തവരിലേക്ക് കടന്നുചെല്ലാനുള്ള ശ്രമം വിജയിച്ചുതുടങ്ങിയതായാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
സഭാ നേതൃത്വവുമായി സൗഹൃദത്തിന്റെ പാലം പണിയാന്‍ പ്രധാനമന്ത്രി മോദി തന്നെ മുന്കൈയെടുത്തതോടെയാണു മാറ്റം പ്രകടമായത്. ക്രൈസ്തവ വിഭാഗങ്ങള്‍ക്കുണ്ടായിരുന്ന അകല്‍ച്ച കുറഞ്ഞുവരുന്നതു പ്രയോജനപ്പെടുത്തിയാല്‍ സംസ്ഥാനഭരണത്തില്‍ നിർണായക ശക്തിയായി മാറുവാൻ പാര്‍ട്ടിക്ക് വൈകാതെ കഴിയുമെന്നായിരുന്നു ബിജെപി നേതാക്കളുടെ വിശ്വാസം. അവിടെയാണ് വടക്കേ ഇന്ത്യയിലെ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ ഇവിടെ തിരിച്ചടി സൃഷ്ടിച്ചത്. ബിജെപി സ്വകീരിച്ച ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ കൈസ്തവരെ ബിജെപിയില്‍ നിന്നും കൂടുതല്‍ അകറ്റി. കഴിഞ്ഞ ക്രിസ്മസ് കാലത്തു പാലാക്കാട്ട് സ്കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷം തടസപ്പെടുത്താന്‍ ഉള്‍പ്പടെ സംഘപരിവാര്‍ സംഘടനകള്‍ എത്തിയതും ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഇതിനിടെയാണു ബി.ജെ.പി അനുഭാവം പുലര്‍ത്തുന്ന ക്രൈസ്തവ സംഘടനയായാ കാസാ രാഷ്ട്രീയ പാര്‍ട്ടിയുമായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കാസയ്ക്കൊപ്പം ചേര്‍ന്നു ക്രൈസ്തവരെ കൂട്ടുപിടിക്കാമെന്ന കണക്കുകൂട്ടലാണ് ഇപ്പോൾ ബിജെപിക്കുള്ളത്. കാലങ്ങളായി ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളോട് അടുപ്പിക്കാന്‍ ബി.ജെ.പിയും സംഘപരിവാറും വിവിധ കാമ്പെയിനുകള്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായാണു പുതുതായി ഉയര്‍ന്നു വന്ന കാസയ്ക്ക് അവര്‍ നിലവില്‍ രാഷ്ട്രീയ പിന്തുണ നല്‍കുന്നുവെന്ന സൂചനകള്‍ പുറത്തു വരുന്നത്.
ഒരു വലതുപക്ഷ ദേശീയ പാര്‍ട്ടിയെ വളര്‍ത്താനാണു ശ്രമമെന്നും അത്തരമൊരു രാഷ്ട്രീയ ശക്തിയുടെ സ്വീകാര്യത കണ്ടെത്താന്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, അങ്ങനെയൊരു പാര്‍ട്ടിക്ക് കേരളത്തില്‍ ഇടമുണ്ടെന്നു കാസ സംസ്ഥാന പ്രസിഡന്റും കൂടിയായ കെവിന് പീറ്റര്‍ വ്യക്തമാക്കിയത്. കെവിന് അടക്കം ആറുപേര്‍ ചേര്‍ന്ന് 2018ലാണ് കാസയ്ക്ക് രൂപം നല്‍കിയത്. 2019ല്‍ ഇത് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ 17 ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണയുണ്ടെന്നും കാസ അവകാശപ്പെടുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍, സ്വതന്ത്രരായി തെരഞ്ഞെടുപ്പില്‍ പോരാടാന്‍ താല്‍പ്പര്യമുള്ളവരെ അല്ലെങ്കില്‍ ദേശീയതയ്ക്കുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ കാസ പിന്തുണയ്ക്കാനും നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണു കാസ ശ്രമിക്കുന്നത്. തങ്ങളുടെ പ്രത്യയശാസ്ത്രവുമായി യോജിച്ച് നില്ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുകയോ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്നവരെ പരാജയപ്പെടുത്തുകയോ ചെയ്യുക എന്നതാണ് കാസയുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ വ്യക്തമാക്കിയത്. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കൃത്യമായ പദ്ധതി ആവിഷ്കരിക്കുമെന്നും കാസ നേതൃത്വം വ്യക്തമാക്കുന്നുണ്ട്. അതേസമയം, തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയാണ് ‘കാസ’ എന്ന് മുൻ മന്ത്രി ഡോ. കെ ടി ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
ക്രിസ്ത്യൻ ആർഎസ്എസും ക്രിസ്ത്യൻ എസ്ഡിപിഐയും ആണ് കാസ. ഇന്ന് കേരളത്തിൽ മാരക വിഷമുള്ള മതഭ്രാന്തൻമാരുടെ സംഘടനയായി കാസ മാറിക്കഴിഞ്ഞു. ഹിന്ദു-മുസ്ലിം വർഗീയത പോലെത്തന്നെ ക്രിസ്ത്യൻ വർഗ്ഗീയതയും നാടിന് ആപത്താണ്. ആർഎസ്എസിന് ബിജെപി എന്ന പോലെ, ജമാഅത്തെ ഇസ്ലാമിക്ക് വെൽഫെയർ പാർട്ടി എന്ന പോലെ, എൻഡിഎഫിന് എസ്ഡിപിഐ എന്ന പോലെയാകും കാസക്ക് അവരുണ്ടാക്കുന്ന രാഷ്ട്രീയ പാർട്ടിയെന്നും ജലീൽ തുറന്നടിച്ചു. അതേസമയം കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പിലും കാസ പരസ്യമായി ബിജെപിക്ക് വേണ്ടി നിലകൊണ്ടിരുന്നു. ബിജെപിയുടെ പ്രചാരണത്തിന് വേണ്ടി അവർ രംഗത്തിറങ്ങിയിരുന്നു. പിസി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയ വിഷയത്തിലും കാസയുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. തീവ്ര നിലപാടുകൾ ഉള്ള സംഘടനകൾ രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെക്കുന്നതിനെ പലരും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ക്രൈസ്തവസമൂഹത്തെ ഏതുവിധേനയും അടുപ്പിക്കുന്നതിനുള്ള സംഘപരിവാറിന്റെ കുബുദ്ധിയായി കാസയുടെ രാഷ്ട്രീയ പാർട്ടിയെ നോക്കിക്കാണുന്നവരാണ് ഏറെയും.