തെക്കൻ ലബനനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 10 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ലബനനിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു. ധാരാളം വീടുകൾ തകർന്നു. ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു ശേഷം ലബനനിൽ ഒരുദിവസം ഇത്രയധികം ആളുകൾ മരിക്കുന്നത് ആദ്യമാണ്. വടക്കൻ ഗാസയിലെ താമസസമുച്ചയത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ 20 കുട്ടികളടക്കം 109 പലസ്തീൻകാർ കൊല്ലപ്പെട്ടു.
വടക്കൻ ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു സൈനികർ കൊല്ലപ്പെട്ടുവെന്നും ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. തെക്കൻ ലബനനിൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ മരണപ്പെട്ടതായി സൈന്യം അറിയിച്ചു. ഇതോടെ മരണപ്പെട്ട സൈനികരുടെ ആകെ എണ്ണം 777 ആയി. പലസ്തീൻപ്രദേശങ്ങളിൽ യുഎൻ പലസ്തീൻ അഭയാർഥിസംഘടന (യുഎൻആർഡബ്ല്യൂഎ) യെ നിരോധിച്ച് തിങ്കളാഴ്ച ഇസ്രയേൽ പാർലമെന്റ് നിയമം പാസാക്കിയതിനെ ലോകനേതാക്കൾ അപലപിച്ചു.
അതിനിടയിൽ തെക്കൻ ലബനനിൽ ഇറാൻ പിന്തുണയുള്ള സായുധ സംഘടന ഹിസ്ബുല്ലയുടെ പുതിയ മേധാവിയായി നഈം ഖാസിം തിരഞ്ഞെടുക്കപ്പെട്ടു. ഹസൻ നസ്റല്ല ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് പുതിയ മേധാവിയെ തിരഞ്ഞെടുത്തത്.
ഈ കഴിഞ്ഞ ദിവസം ഈജിപ്ത് രണ്ടുദിവസത്തേക്ക് ഗാസയിൽ വെടിനിർത്തൽ നിർദേശിച്ചിരുന്നു. ലബനനിൽ ഹിസ്ബുള്ളക്കെതിരെ യുദ്ധം തുടരുകയും ഇറാനിലും ഗാസയിലും ശക്തമായ വ്യോമാക്രമണങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ ഈജിപ്ത് നടത്തിയത് .ഒരു വർഷത്തിലേറെയായി ഇസ്രായേൽ പലസ്തീൻ ആക്രമണങ്ങൾ തുടരുകയാണ്. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 43,061 പലസ്തീൻകാർ കൊല്ലപ്പെട്ടു.