വാഷിങ്ടൺ: ഹിസ്ബുല്ലയുടെ ഒരു കമാൻഡർ കൂടി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ റദ്വാൻ സേനയുടെ മുതിർന്ന കമാൻഡറായ വഹാബിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തിൽ 14 പേർക്കൊപ്പമാണ് വഹാബി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇബ്രാഹിം അഖീൽ കഴിഞ്ഞാൽ റദ്വാൻ സേനയിലെ രണ്ടാമനായാണ് മഹമുദ് വഹാബി പരിഗണിക്കപ്പെടുന്നത്. ലെബനാൻ നഗരത്തിലെ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അഖീൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നത് പ്രകാരം ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയിരിക്കുന്നത്.
ഇസ്രായേലിന് നേരെ 16ഓളം ആക്രമണങ്ങൾ നടത്തിയെന്ന് ഹിസ്ബുല്ലയും അറിയിച്ചു. വടക്കൻ ഇസ്രായേൽ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളെന്നും ഹിസ്ബുല്ല വ്യക്തമാക്കി. മേഖലയെ ലക്ഷ്യമാക്കി 140 റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്.
ലബനാന്റെ തലസ്ഥാനമായ ബൈറൂതിന് തൊട്ടടുത്ത ജനവാസ കേന്ദ്രമായ ദാഹിയയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ഇബ്രാഹീം ആഖിൽ അടക്കം 14 പേർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
66ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉണ്ടെന്ന് ലബനാന്റെ ആരോഗ്യ മന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ രണ്ട് കെട്ടിടങ്ങൾ പൂർണമായി തകർന്നു.
റദ്വാൻ സേന യൂനിറ്റിന്റെ യോഗത്തിനിടെയാണ് ആക്രമണം നടന്നതെന്നും നിരവധി ഹിസ്ബുല്ല കമാൻഡർമാർ കൊല്ലപ്പെട്ടതായും ഇസ്രായേൽ സൈനിക വക്താവ് അവിഷായ് ആൻഡ്രി അവകാശപ്പെട്ടിരുന്നു.