ബോളിവുഡ് സംവിധായിക പായൽ കപാഡിയ സംവിധാനം ചെയ്ത അഗയോള പ്രശംസ നേടിയ ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ചിത്രത്തിൽ അഭിനയിച്ച മലയാളി താരങ്ങളായ ദിവ്യപ്രഭ, കനി കുസൃതി, ഹൃദു, അസീസ് നെടുമങ്ങാട് തുടങ്ങിയവർ രാജ്യാന്തരപ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.
ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രം കേരളത്തിൽ റിലീസ് ചെയ്തപ്പോൾ നിരവധി വിവാദങ്ങളാണ് നേരിട്ടത്. ചിത്രത്തിൽ ദിവ്യപ്രഭ അഭിനയിച്ച കഥാപാത്രത്തിന്റെ ചില നഗ്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ദിവ്യപ്രഭയെ മോശമായി ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ വിവാദങ്ങൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. സിനിമയ്ക്ക് കിട്ടുന്ന നെഗറ്റിവ് പ്രതികരണങ്ങൾ പ്രതീക്ഷിച്ചിരുന്നതാണെന്നും. കേരളത്തിൽ എപ്പോഴും ഇങ്ങനെത്തന്നെയാണ് സംഭവിക്കുക എന്നും താരം പറഞ്ഞു. ഒരു സിനിമയിൽ ഇത്തരത്തിലുള്ള സീനുകൾ ഉണ്ടെങ്കിൽ അതിനെപ്പറ്റി മാത്രം സംസാരിക്കുകയല്ലാതെ ആ സിനിമ ചർച്ച ചെയ്യുന്ന മറ്റ് കാര്യങ്ങളെ പറ്റി സംസാരിക്കാൻ തയ്യാറാകുന്നില്ലെന്നും താരം അറിയിച്ചു.
വളരെയധികം ഇഷ്ടപ്പെട്ടു ചെയ്ത വേഷം പുതിയ തലമുറ വളരെ പോസിറ്റീവ് ആയി സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഭാവിയിൽ സിനിമകളോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകുമെന്നും ദിവ്യപ്രഭ പ്രതികരിച്ചു.