കോയമ്പത്തൂരില്‍ ഐടി ഹബ് വികസിപ്പിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. എഐ സാങ്കേതികവിദ്യയ്ക്ക് ഊന്നല്നല്കുന്ന രണ്ട് ദശലക്ഷം ചതുരശ്ര അടിവരുന്ന ഐടി ഹബ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കേന്ദ്രം സ്ഥാപിക്കുന്നത്.ഐടി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതില്‍ തമിഴ്നാട് എപ്പോഴും മറ്റുള്ളവരേക്കാള്‍ മുന്നിലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പറഞ്ഞു.
എഐ, ബ്ലോക്ക്ചെയിന്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഐഒടി തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആഗോള ശേഷി കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ബിസിനസിനെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാനം മറ്റുള്ളവരേക്കാള്‍ ഒരു പടി മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
1999ല്‍ മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ചെന്നൈയില്‍ ടൈഡല്‍ പാര്‍ക്ക് സ്ഥാപിച്ചു. കോയമ്പത്തൂര്‍, മധുരൈ, സേലം, ഹൊസൂര്‍, ട്രിച്ചി, വെല്ലൂര്‍, തിരുനെല്‍വേലി, തൂത്തുക്കുടി, വില്ലുപുരം തുടങ്ങിയ ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ എല്‍കോട്ട് ടെക്നോളജി പാര്‍ക്കുകളും മിനി ടെക്നോളജി പാര്‍ക്കുകളും സ്ഥാപിച്ചിട്ടുണ്ട്.ഇത് ഡിജിറ്റല്‍ യുഗമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലെ ക്രമക്കേടുകള്‍ തടയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റല്‍ കുറ്റകൃത്യങ്ങളും വ്യാപിക്കുന്ന സാഹചര്യത്തിൽ അതിനനുസൃതമായി സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.