ഇടതുപക്ഷ ഗവണ്മെന്റിനെയും സിപിഎമ്മിനെയും തെരഞ്ഞെടുപ്പ് സമയത്തും,മറ്റ് സന്ദര്‍ഭങ്ങളിലും നവമാധ്യമങ്ങള്‍ വഴി ബോധപൂര്‍വ്വം നടത്തുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്.ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകള്‍ നല്കാന് കോണ്‍ഗ്രസ്സ് തങ്ങളുടെ നവമാധ്യമ ഗ്രൂപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് ജയരാജന്റെ ആരോപണം.നിര്‍ദേശത്തിന്റെ ഒരു പകര്‍പ്പും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.എല്ലാവരും സിപിഎമിന്റെ ഫ്രെയിമിട്ട് ഫെയ്ക്ക് ഐഡി ഉണ്ടാക്കി തന്ത്രപരമായ സര്‍ക്കാരിനെയും അഴിമതി ആരോപണത്തിനെയും കുറിച്ച് കമ്മിറ്റിടാനാണ് അതില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും എം വി ജയരാജന് കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ആശയപ്രചാരണമാണ് നടത്തുന്നത്.തിരഞ്ഞെടുപ്പ് കാലത്ത് വ്യാജ വാര്‍ത്തകള്‍ എല്ലാം സീമകളും ലംഘിച്ചു പ്രചരിച്ചു.പോരാളി ഷാജി എന്ന പേരില്‍ നിരവധി പ്രൊഫൈലുകള്‍ ഉണ്ട്.ഇടത് അനുകൂലമെങ്കില്‍ പോരാളി ഷാജി അത് വ്യക്തമാക്കണം.യഥാര്‍ത്ഥ പോരാളി ഷാജി രംഗത്ത് വരണം.ഈ വ്യാജ പ്രൊഫൈലുകള്‍ പൊലീസിന് കണ്ടെത്താന്‍ സാധിക്കാത്ത വിധമാണ്.ഇത് സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരിക എന്നത് എന്റെ ഉത്തരവാദിത്തമാണ്’- എം വി ജയരാജന് പറഞ്ഞു.

‘പോരാളി ഷാജി’ ഉള്‍പ്പെടെയുള്ള ഇടതു സാമൂഹിക മാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് എം വി ജയരാജന് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര് തുടങ്ങിയ, ഇടതുപക്ഷമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന സാമൂഹിക മാധ്യമങ്ങള്‍ വിലയ്ക്ക് വാങ്ങിയതാണെന്നും യുവാക്കള്‍ ഇത് മാത്രം നോക്കിയിരുന്നതിൻ്റെ ദുരന്തമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും ജയരാജന് കണ്ണൂരില്‍ പറഞ്ഞിരുന്നു.