ദുബായ്: ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിന് വിനീഷ്യസ് ജൂനിയറിനെ അവഗണി ച്ചത് അന്യായമാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. റോഡ്രിക്ക് പകരം വിനീഷ്യസ് ജൂനിയറിനെ ബാലൺ ഡി ഓർ പുരസ്കാരത്തിന് പരിഗണിക്കണമായിരുന്നു. റയൽ മാഡ്രിഡിനൊപ്പം യുഇഎഫ്എ ചാമ്പ്യൻസ് ലീഗ് നേടിയ വിനീഷ്യസ് അതിന് അർഹനാണെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ഗ്ലോബ് സോക്കർ അവാർഡ് വേദിയിൽ ആണ് റൊണാൾഡോയുടെ പരാമർശം. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ മികച്ച മിഡിൽ ഈസ്റ്റ് കളിക്കാരനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ വേദിയിൽ എത്തിയതായിരുന്നു.

ഈ വർഷത്തെ ബാലൺ ഡി ഓർ മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം റോഡ്രി നേടിയിരുന്നു. റോഡ്രിയുടെ നേട്ടങ്ങളെ റൊണാൾഡോ അംഗീകരിച്ചു. എന്നാൽ സത്യസന്ധത പുലർത്തിയതിന് ഗ്ലോബ് സോക്കർ അവാർഡിനെ റൊണാൾഡോ പ്രശംസിച്ചു.
വിനീഷ്യസ് എല്ലാ മത്സരങ്ങളിലുമായി 24 ഗോളുകൾ നേടി റയൽ മാഡ്രിഡിൻ്റെ ടോപ് സ്കോററായി സീസൺ അവസാനിപ്പിച്ച കളിക്കാരനാണ്. ദുബായ് ഗ്ലോബ് സോക്കർ അവാർഡിൽ വിനീഷ്യസ് ജൂനിയർ ഈ വർഷത്തെ മികച്ച ഫിഫ പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു. പ്ലെയർ ഓഫ് ദി ഇയർ അവാർഡും അദ്ദേഹം നേടി.