ഒരു കാലഘട്ടമത്രയും കോൺഗ്രസിനെ നയിച്ച നേതാവാണ് എ കെ ആന്റണി. മുഖ്യമന്ത്രിയായും കേന്ദ്ര പ്രതിരോധ മന്ത്രിയായും തിളങ്ങിയ അദ്ദേഹം ഇപ്പോൾ രാഷ്ട്രീയ വിശ്രമത്തിലാണ്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം കോൺഗ്രസിന്റെ തല ഉയർന്ന നേതാക്കളിൽ ഒരാളാണ്. തന്റെ രാഷ്ട്രീയ വിശ്രമ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങൾക്കാണ് അദ്ദേഹം സാക്ഷ്യം വഹിച്ചത്. തന്റെ ഇളയ മകൻ ബിജെപിയിൽ പോയപ്പോൾ കണ്ണീരണിഞ്ഞ ഒരു എ കെ ആന്റണി ഇപ്പോഴും നമ്മുടെ ഓർമ്മകളിൽ ഉണ്ട്. ഒരിക്കലും അദ്ദേഹം വിചാരിച്ചിട്ടില്ല തന്റെ കുടുംബത്തിൽ നിന്നും, അതും പ്രിയപ്പെട്ട മകൻ ബിജെപിയിൽ പോകുമെന്ന്. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ടായിരുന്നു അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം. അനിലിന്റെ മികവ് ഒന്നുമല്ലായിരുന്നു ബിജെപിയുടെയും ലക്ഷ്യം. മറിച്ച് എ കെ ആന്റണിയുടെ മകൻ എന്ന പ്രവിലേജ് ബിജെപി ഉപയോഗപ്പെടുത്തുകയായിരുന്നു. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് ഉണ്ടായിരുന്ന ഒരുകാലത്തായിരുന്നു അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം.
സാക്ഷാൽ എ കെ ആന്റണിക്ക് ഉമ്മൻചാണ്ടിയെപ്പോലെ തന്റെ മക്കൾ രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ വലിയ അഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, അന്നത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അനില്‍ ആന്റണിയെ പാര്‍ട്ടിയുടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്ലിന്റെ തലപ്പത്തേക്ക് അവരോധിച്ചത്. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, ശശി തരൂര്‍ എന്നിവരുടെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. 2018 സെപ്റ്റംബറില്‍ മുല്ലപ്പള്ളി കോണ്‍ഗ്രസിന്റെ അമരത്തേക്ക് വരുമ്പോള്‍ ഐടി മീഡിയ സെൽ മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് നിര്‍ജ്ജീവമായിരുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ രംഗത്ത് പയറ്റിത്തെളിഞ്ഞ അനില്‍ ആന്റണിക്ക് കീഴില്‍ സെല്ലിനെ പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
എന്നാല്‍ ഈ തീരുമാനത്തിന് മുല്ലപ്പള്ളി പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നു. അനില്‍ ആന്റണി മോദിയെ സ്തുതിച്ച് ബിജെപിക്കൊപ്പം പോയപ്പോള്‍ പഴി മുഴുവന്‍ കേട്ടത് മുല്ലപ്പള്ളിയായിരുന്നു. ബിജെപി ആകട്ടെ ആന്റണിയുടെ മകനെ കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുക വരെ ഉണ്ടായി. പത്തനംതിട്ടയിലെ ക്രിസ്ത്യൻ വോട്ടുകളിലായിരുന്നു ബിജെപിയുടെ കണ്ണ്. എന്നാൽ കെ. സുരേന്ദ്രന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടു പോലും ഇക്കുറി അനിൽ ആന്റണിക്ക് ലഭിച്ചില്ല.
കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ 2,97,396 വോട്ട് നേടിയെങ്കിൽ അനിൽ ആന്റണിക്ക് ഇത്തവണ 2,34,406 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിൽ പി സി ജോർജ് ആദ്യം മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർത്ഥിയാക്കിയത് ജോർജിന്റെ പ്രതീക്ഷകൾ തകർത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം എത്തി അനിൽ ആന്റണിക്കായി പ്രചാരണം കൊഴുപ്പിച്ചെങ്കിലും വിജയിക്കാനോ വോട്ടുകൾ കൂടുതൽ നേടാനോ കഴിഞ്ഞില്ല. മോദി പ്രചാരണത്തിനെത്തിയതിന് പിന്നാലെ വിജയം ഉറപ്പിച്ച നിലയിലുള്ള അനിൽ ആന്റണിയുടെ പ്രതികരണങ്ങളും തിരിച്ചടിയായി. അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയായിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പ് നടന്നത്.
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അനില്‍ സജീവമായി പങ്കെടുത്തിരുന്നു. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപിയെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം. അധികം വൈകാതെ എഐസിസി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ ഓര്‍ഡിനേറ്റർ പദവി രാജിവച്ചു. പിന്നാലെ ഇക്കഴിഞ്ഞ വർഷം ഏപ്രില്‍ ആറിന് ബിജെപി ദേശീയ ആസ്ഥാനത്തെത്തി കേന്ദ്ര മന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അനില്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നത്. ബിജെപിയിൽ പ്രവേശിച്ചിട്ട് കൃത്യം ഒരു വർഷം കഴിയുമ്പോൾ ഏറെക്കുറെ അദ്ദേഹം പാർട്ടിക്കുള്ളിൽ കറിവേപ്പിലയായി മാറിയിരിക്കുകയാണ്.
ഒട്ടും പക്വതയില്ലാതെ കാര്യങ്ങളെ സമീപിക്കുന്ന, യാതൊരു നേതൃപാടവവും ഇല്ലാത്ത ഒരാൾ എന്ന പേര് ബിജെപിക്ക് ഉള്ളിലും അനിലിന് ലഭിച്ചിട്ടുണ്ട്. വഴിയെ പോയ വയ്യാവേലി എടുത്ത് പാർട്ടിക്കുള്ളിൽ വെച്ചെന്ന വിമർശനവും അനിലിനെ ക്ഷണിച്ചവർക്കെതിരെ ബിജെപി നേതാക്കൾ തന്നെ ഉയർത്തുന്നുണ്ട്. അതേസമയം അനിലിന്റെ ബിജെപി പ്രവേശനത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഏറെക്കുറെ ഹാപ്പിയാണ്. മാത്രവുമല്ല യാതൊരു മൂല്യങ്ങളും ഇല്ലാത്ത ആളുകളെ മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ ഉന്നത സ്ഥാനങ്ങളിൽ അവരോധിക്കുവാൻ ശ്രമിക്കുന്നവർക്കും അനിൽ ആന്റണി ഒരു താക്കീതായി മാറുകയും ചെയ്തിട്ടുണ്ട്.