കൽപറ്റ: അപകടത്തിൽ മരിച്ച ജെൻസന് നാടിന്റെ അന്ത്യാഞ്ജലി. അന്ത്യ ചുംബനത്തോടെ ശ്രുതി ജെൻസന് വിട നൽകി. ശ്രുതിക്ക് അവസാനമായി കാണാൻ ജെൻസന്റെ മൃതദേഹം ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
നേരത്തേ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ശ്രുതിയുടെ മാനസിക-ശാരീരിക അവസ്ഥ പരിഗണിച്ച് തീരുമാനം മാറ്റുകയായിരുന്നു. 15 മിനിറ്റ് ആശുപത്രിയിൽ പൊതുദർശനമുണ്ടായി. നൂറുകണക്കിന് ആളുകളാണ് ജെൻസനെ ഒരുനോക്ക് കാണാനായി എത്തിയത്. അമ്പലവയൽ ആണ്ടൂരിലെ വീട്ടിലേക്കാണ് ജെൻസന്റെ മൃതദേഹം കൊണ്ടുപോയത്.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും ഇന്നലെ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അമ്പലവയൽ സ്വദേശിയാണ് ജെൻസൻ.