സിനിമാനടനും, കൊല്ലം എം എൽ എയുമായ മുകേഷ് വ്യക്തി ജീവിതത്തിലും, പൊതുജീവിതത്തിലും നിരവധി ആരോപണങ്ങൾ നേരിടുന്നയാളാണ്. ഇപ്പോൾ തന്നെ മൂന്ന് സ്ത്രീകൾ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട് .ഗാർഹിക പീഡനം , ബലാൽസംഗം, തൊഴിൽ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങൾ മുകേഷിൻ്റെ പേരിലുണ്ട്.
നിയമനിർമ്മാണ സഭയിലെ അംഗം എന്ന നിലയിൽ ഉത്തരവാദിത്വമുള്ള ഒരു പദവിയാണ് എംഎല്‍എ സ്ഥാനം. സിനിമാ മേഖലയിൽ നിന്ന് തന്നെ ആരോപണങ്ങൾ നേരിടുന്നയാളെ സർക്കാർ വീണ്ടും സിനിമാനയം രൂപീകരിക്കുന്ന കമ്മറ്റിയിൽ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്.
ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എംഎല്‍എസ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണ്. അദ്ദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തിൽ എംഎല്‍എ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാൻ സർക്കാർ തയ്യാറാകണം. സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്നും സിനിമ കോൺക്ലേവിൻ്റെ ചുമതലകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്യണം.അല്ലാത്തപക്ഷം എംഎല്‍എ മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഓർമ്മപ്പെടുത്തുന്നു.