കൊച്ചി:എല്‍ ഡി എഫ് വിടാനൊരുങ്ങുന്ന കേരളാ കോണ്‍ഗ്രസ് എമ്മിന് വിജയസാധ്യതയുള്ള സീറ്റു നല്കാന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുമോ? കേരളാ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള അങ്കമാലി നിയമസഭാ മണ്ഡലം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമോ ? സിറ്റിംഗ് എം എല്‍ എയായ റോജി എം ജോണിനെ ഒഴിവാക്കി സീറ്റ് ജോസ് കെ മാണിക്കു നല്‍കിക്കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല യാഥാര്‍ത്ഥ്യമാവുമോ എന്നാണ് നടക്കുന്ന ചര്‍ച്ചകള്‍.
കേരളാ കോണ്‍ഗ്രസ് എമ്മിനെ തിരികെ യു ഡി എഫില്‍ എത്തിക്കണമെന്ന കെ പി സി സി അധ്യക്ഷന്റെ പ്രതികരണത്തോടെ ജോസ് കെ മാണിയുമായുള്ള ചര്‍ച്ച സജീവമായിരിക്കയാണ്. കെ എം മാണിയെ മറക്കാനാവില്ലെന്നും വേണ്ടി വന്നാല്‍ അങ്ങോട്ട് പോയി ചര്‍ച്ച നടത്തുമെന്നുമാണ് കെ സുധാകരന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അനൗദ്യോഗീകമായി ജോസ് കെ മാണി കോണ്‍ഗ്രസ് നേതൃത്വവുമായി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു,മുന്നണിയിലേക്ക് തിരികെവരുന്നതിന് വഴിയൊരുക്കിയത് കോട്ടയത്തെ ദയനീയ പരാജയവും ഒപ്പം രാജ്യസഭാ സീറ്റു വിവാദവുമാണ്.
രാജ്യസഭാ സീറ്റ് ലഭിക്കില്ലെന്ന സൂചനകള്‍ ലഭിച്ച ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളുമായി ജോസ് കെ മാണി ചര്‍ച്ച നടത്തിയെന്നാണ് ലഭ്യമാവുന്ന വിവരങ്ങള്‍. ജോസ് കെ മാണിയെ പ്രതിരോധത്തിലാക്കുന്ന പ്രധാനഘടകം അദ്ദേഹത്തിന് പാലായില്‍ വിജയിക്കാനുള്ള രാഷ്ട്രീയ സാധ്യതയില്ലെന്നതാണ്. രണ്ടുതവണ കേരളാ കോണ്‍ഗ്രസ് എം മാണി സി കാപ്പനുപമുന്നില് അടിപതറിയ സാഹചര്യവും പാലായില്‍ ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോമസ് ചാഴികാടന് ലഭിച്ച വോട്ടും പരിഗണിക്കുമ്പോള്‍ വീണ്ടുമൊരു പരാജയം ഉണ്ടാവുമെന്ന് വ്യക്തമാണ്. നിലവില്‍ ഏത് മുന്നണിയിലായാലും മാണി സി കാപ്പനെ പരാജയപ്പെടുത്തി നിയമസഭയില്‍ എത്താന്‍ ജോസ് കെ മാണിക്ക് വഴിയില്ല.
ഒഴിവുവരുന്ന രണ്ട് രാജ്യസഭാസീറ്റുകളില്‍ ഒരു സീറ്റ് സ്ഥാനമൊഴിയുന്ന ജോസ് കെ മാണിക്ക് നല്‍കണമെന്ന ആവശ്യം എല്‍ ഡി എഫിന് പരിഗണിക്കാന്‍ പറ്റാതായിരിക്കുന്ന സാഹചര്യത്തിലാണ് മുന്നണി മാറ്റമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നത്. ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനവുമാണ് എല്‍ ഡി എഫ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത്. എന്നാല്‍ പാര്‍ട്ടി ചെയര്മാന് സ്ഥാനങ്ങളൊന്നുമില്ലാത്ത അവസ്ഥയാണിപ്പോള്‍. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായിരുന്ന ചാഴികാടന് സി പി എം വോട്ടുകള്‍ ലഭിച്ചില്ലെന്നും, ഇടത് വോട്ടുകള്‍ ഗണ്യമായി ബി ഡി ജെ എസിന് മറിഞ്ഞെന്നുള്ള ആരോപണം കേരളാ കോണ്‍ഗ്രസ് -സി പി എം ബന്ധം ഉലയുന്നതിന്റെ ലക്ഷണമാണ്.
രാജ്യസഭാ സീറ്റ് സര്‍ക്കത്തില്‍ എല്‍ ഡി എഫുമായി അകന്നു തുടങ്ങിയ ജോസ് കെ മാണി ഇനി എല്‍ ഡി എഫില്‍ തുടരാനാവില്ലെന്ന നിലപാടിലാണ്. ഭരണ പരിഷ്ക്കാര കമ്മീഷന് ചെയര്മാന് സ്ഥാനമൊന്നും കേരളാ കോണ്‍ഗ്രസിന് രാഷ്ട്രീയമായി നേട്ടമുണ്ടാക്കില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷ അംഗങ്ങളും.മന്ത്രി റോഷി അഗസ്റ്റിന് അടക്കം അഞ്ച് എം എല്‍ എ മാരാണ് കേരളാ കോണ്‍ഗ്രസ് എമ്മിനുള്ളത്.
രണ്ടുവര്‍ഷം മന്ത്രിയായിരിക്കാനുള്ള അവസരം കളഞ്ഞുകുളിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് റോഷി അഗസ്റ്റിനും പ്രൊഫ. ജയരാജും. എന്നാല്‍ പാര്‍ട്ടി ചെയര്മാന് എന്ന നിലയില്‍ എടുക്കുന്ന എന്ത് തീരുമാനവും അംഗീകരിക്കുമെന്ന് രണ്ട് എം എല്‍ എമാര്‍ മാത്രമാണ് വ്യക്തമാക്കിയത്. ഇത് ജോസ് കെ മാണിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
എന്തായാലും ജോസ് കെ മാണിക്ക് വിജയിച്ചു കയറാന്‍ ഏറ്റവും സുരക്ഷിതമായ ഒരു സീറ്റ് നല്കുകയാണെങ്കില് കേരളാ കോണ്‍ഗ്രസ് യു ഡി എഫില്‍ തിരിച്ചെത്തും. ജോസ് കെ മാണിക്ക് വേണ്ടി ഒരു സീറ്റ് ധാനം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം.
അങ്കമാലി എം എല്‍ എ റോജി എം ജോണിനെതിരെ സിറോ മലബാര്‍ സഭയിലെ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പും കോണ്‍ഗ്രസ് ഗൗരവമായാണ് നിരീക്ഷിക്കുന്നത്. സിനഡ് കുര്‍ബാന തര്‍ക്കത്തില്‍ കര്‍ദിനാളിനെ പിന്തുണച്ച നിലപാടാണ് റോജിക്കെതിരെ ഒരു വിഭാഗം നീങ്ങാനുള്ള പ്രധാന കാരണം. അങ്കമാലിയിലെ ഭൂരിപക്ഷം വിശ്വാസികളും സിനഡ് കുര്‍ബാനയ്ക്ക് എതിരാണെന്നിരിക്കെ റോജി എം ജോണിന് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.
റോജിക്ക് പാര്‍ട്ടിയില്‍ ഉന്നത പദവി നല്കി തല്ക്കാലം പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കയാണ്. ഇതിനിടയിലാണ് കേരളാ കോണ്‍ഗ്രസ് എം യു ഡി എഫ് പ്രവേശനത്തിന് അങ്കമാലി സീറ്റ് എന്ന നിര്‍ദ്ദേശം വെക്കുന്നത്.നേരത്തെ അങ്കമാലി സീറ്റില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച് വിജയിച്ച ചരിത്രവുമുണ്ട്.അങ്കമാലിക്കു പകരം പെരുമ്പാവൂര്‍ കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതായിരിക്കും ഉചിതമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നത്.