കൊച്ചി: യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേൽക്കും. ലബനൻ തലസ്ഥാനമായ ബേയ്റൂട്ടിൽ ഇന്ത്യൻ സമയം രാത്രി 7.30 ന് ശുശ്രൂഷകൾ ആരംഭിക്കും. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ്. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
മുന്‍ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്, അല്‍ഫോന്‍സ് കണ്ണന്താനം, ബെന്നി ബഹനാന് എം പി, ഷോണ്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായി ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ കേരള സര്‍ക്കാരിന്റെ പ്രതിനിധിസംഘത്തില്‍ മന്ത്രി പി. രാജീവ്, എംഎല്‍എമാരായ അനൂപ് ജേക്കബ്, ഇ.ടി. ടൈസണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, പി.വി. ശ്രീനിജിന്‍ എന്നിവരും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരും പങ്കെടുക്കുന്നുണ്ട്.
വിശ്വാസികളടക്കം അറുനൂറോളം പേരാണ് സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷികളാവുക. ചടങ്ങ് നടക്കുന്ന ബേയ്റൂട്ടിൽ പുതുതായി നിർമിച്ച സെന്റ് മേരീസ് പാത്രയർക്കാ കത്തീഡ്രലിന്റെ കൂദാശാ കർമം ഇന്നലെ രാത്രി നിർവഹിച്ചു. ഇവിടെയാണ് സ്ഥാനാരോഹണച്ചടങ്ങ് ഇന്ന് നടക്കുക. സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹ കാര്‍മികരാകും. വചനിപ്പ് തിരുനാള്‍ ദിവസമാണ് സ്ഥാനാരോഹണമെന്ന പ്രത്യേകതയുമുണ്ട്.