സ്വന്തം ലേഖകന്‍
തിരുവനന്തപുരം:ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യം മാറ്റുന്നതിനിടെയുണ്ടായ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിക്കാനിടയായ സംഭവത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പുണ്ടായെന്ന് മന്ത്രി എം ബി രാജേഷ് ആരോപിച്ചു.ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു.കാണാതായ ജോയിയെ കണ്ടെത്തുന്നതിനായി ശ്രമം തുടരവേയാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. അദ്ദേഹം കുറച്ചൊക്കെ ക്ഷമകാണിക്കണമായിരുന്നു.സംഭവത്തിന്റെ പേരില്‍ ആരെയും പഴിചാരല്‍ ഞാന്‍ ലക്ഷ്യമിടുന്നില്ല.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയില്‍ ഇതേവരെ ഒരു പ്രതികരണവും ഞാന്‍ നടത്തിയിരുന്നില്ല.കാണാതായ ജോയിയെ കണ്ടെത്തുന്നതുവരെ ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു എന്റെ തീരുമാനം.

തിരുവനന്തപുരം നഗരം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം മാലിന്യ പ്രശ്നം തന്നെയാണ്, ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. സര്‍ക്കാര്‍തലത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അത് പൂര്‍ണമായി പരിഹരിക്കപ്പെട്ടില്ല.എങ്കിലും മാലിന്യ മുക്ത പദ്ധതി നഗരത്തിന് ഏറെ നേട്ടമുണ്ടായിട്ടുണ്ട്.

ശനിയാഴ്ച കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്തുകയെന്നതുതന്നെയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അപകടം പറ്റിയ വ്യക്തിയെ കണ്ടെത്താനാണ് നഗരസഭയും എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചത്. എന്നാല്‍ ഒരു വിഭാഗം തുടക്കം മുതല്‍ രാഷ്ട്രീയ നേട്ടത്തിനായാണ് ശ്രമിച്ചത്.ദുരന്തത്തില്‍ ഒരുമിച്ച് നില്‍ക്കുന്നതിന് പകരം രാഷ്ട്രീയ മുതലെടുപ്പിനായാണ് ശ്രമം ഉണ്ടായത്.ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു ആമയിഴഞ്ചാല്‍ തോട്ടില്‍ തൊഴിലാളി ഒഴുകിപ്പോയതും അതിദാരുണമായ രീതിയില്‍ മരണമടഞ്ഞ സംഭവവും. ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത ദുരന്തമാണിത്. സംഭവത്തിന്റെ ഉത്തരവാദിത്വമെല്ലാം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.

മാലിന്യ പ്രശ്നത്തില്‍ പരിഹാരം കാണേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. മാലിന്യം ശൂന്യാകാശത്ത് നിന്ന് വന്നതല്ല. റെയില്‍വേ ആക്ടില്‍ റെയില്‍വെയുടെ സ്ഥലത്ത് മറ്റൊരു ഏജന്‍സിക്കും ഒന്നും ചെയ്യാനാകില്ലെന്ന് പ്രത്യേകം പറയുന്നുണ്ടെന്നും ഉത്തരവാദി റെയില്‍വെയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഒരു ദുരന്തത്തില്‍ കാണാതായ ആളെ തിരഞ്ഞുകൊണ്ടിരിക്കെ പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പത്രസമ്മേളനം നടത്തി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. തുടക്കം മുതല്‍ രാഷ്ട്രീയമാണ് ഇവിടെ കണ്ടത്. ഇത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമാണോ എന്ന് ആലോചിക്കേണ്ടതാണ്. പ്രതിപക്ഷനേതാവിന് കുറച്ചൊക്കെ ക്ഷമിക്കാമായിരുന്നു. കാണാതായ ആളെ ജീവനോടെ കണ്ടെത്തണമെന്നാഗ്രഹിച്ചാണ് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം നടന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള വസ്തുതകള്‍ ജനം അറിഞ്ഞിരിക്കണമെന്നും മന്ത്രി എം ബി രാജേഷ് മാധ്യമ പ്രവര്‍ത്തകോട് പറഞ്ഞു.