മധുര: 17 അംഗ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം 7 പേര് പ്രായപരിധിയില്‍ ഒഴിവാക്കുന്ന സാഹചര്യത്തില്‍ കെ.കെ ശൈലജ പിബിയില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. കേരളത്തില്‍ നിന്ന് പുതുതായി ആരും പിബിയില്‍ ഉണ്ടായേക്കില്ല. പി ബിയിലേക്ക് കെ കെ ശൈലജയെ പരിഗണിച്ചില്ല. പകരം പി ബിയിലെ വനിതാ ക്വാട്ടയില്‍ AIDWA ജനറല്‍ സെക്രട്ടറിയായ മറിയം ധാവ്ളയും തമിഴ്നാട്ടില്‍ നിന്നുള്ള യു. വാസുകിയുമായിരിക്കും പരിഗണിക്കപ്പെടുക. പ്രായപരിധിയില്‍ നിന്ന് ഒഴിവായാലും AIDWA അഖിലേന്ത്യാ അധ്യക്ഷയായതിനാല്‍ പി കെ ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയേക്കും.
പിബിയില്‍ നിലവിലുള്ള നേതാക്കളായ പിണറായി വിജയന്, എം വി ഗോവിന്ദന്, എ വിജയരാഘവന്, എം എ ബേബി എന്നിവര്‍ തുടരും. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു എം വി ഗോവിന്ദനെ പിബിയില്‍ ഉള്‍പ്പെടുത്തിയത്.
അതേസമയം, എം എ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ പി ബിയില്‍ ധാരണയായി. പി ബിയില്‍ ബംഗാള്‍ ഘടകവും അശോക് ധവ്ളയും ബേബിയെ എതിര്‍ത്തു. ജനറല്‍ സെക്രട്ടറി ആരായിരിക്കും എന്നുള്ളതില്‍ അന്തിമ തീരുമാനം ഇന്ന് നടക്കുന്ന കേന്ദ്ര കമിറ്റിയില്‍ തീരുമാനിക്കും. പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പിബിയില്‍ നിന്ന് ഒഴിയുന്നതിനാലാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നത്.
പ്രകാശ് കാരാട്ട്. വൃന്ദ കാരാട്ട്, മണിക്ക് സര്‍ക്കാര്‍, സുഭാഷിണി അലി എന്നിവരെ സിസിയിലെ പ്രത്യേക ക്ഷണിതാക്കളാക്കും. പാര്‍ട്ടി കോണ്‍ഗ്രസ് സമാപനത്തിന്റെ ഭാഗമായി റെഡ് വോളന്റിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും വൈകിട്ട് മധുരയില്‍ നടക്കും.