മുൻ എൽഡിഎഫ് കൺവീനറും സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി. കാലത്തിന്റെ കണക്ക് ചോദിക്കലാണെന്നും ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിലുള്ള തിരിച്ചടിയാണിതെന്നും സുധാകരന് പറഞ്ഞു.
ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനംപ്രതി കൂടി വരുകയാണെന്നും ജയരാജന് പാര്‍ട്ടിക്കകത്ത് നില്‍ക്കുമോയെന്നത് ആശങ്ക ഉയര്‍ത്തുന്നതാണ് ആത്മകഥയുടെ വരികളെന്നും അദ്ദേഹം പറഞ്ഞു. ഡിസി ബുക്സ് മാന്യമായി വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അതിനാൽ അവരെ അവിശ്വസിക്കാൻ അവരെ അറിയുന്ന കേരളത്തിലെ ജനങ്ങൾക്ക് സാധിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സിപിഐഎം പഴയതു പോലെയല്ല, പല നേതാക്കളും ഉള്ളു തുറന്ന് പറയാന്‍ ശ്രമിക്കുന്നുണ്ട്. അതൊരു യാഥാര്‍ത്ഥ്യമാണ്. ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ഓരോ ദിവസം കഴിയുന്തോറും കൂടിക്കൂടി വരുന്നു. അമര്‍ഷവും പ്രതിഷേധവും അവരുടെ ഉള്ളില്‍ ഉറഞ്ഞുതുള്ളുന്നുവെന്നതിന്റെ തെളിവായിട്ടാണ് ഇത് വിലയിരുത്തുന്നത്. ഈ ഭരണത്തില്‍ ഇടതുപക്ഷക്കാര്‍ക്ക് പോലും തൃപ്തിയില്ല. അതിന്റെ പ്രതിഫലനം ചേലക്കരയിലുണ്ടാകും എന്ന് മാധ്യമങ്ങളോട് സുധാകരൻ പറഞ്ഞു.
സമാന പരാമർശങ്ങളുമായി പ്രതിപക്ഷ നേതാവ് വി സതീശനും രംഗത്തെത്തി. ഇ പിയുടെ പാർട്ടിയിൽ ഉള്ള ആളുകൾ തന്നെയാണോ ഇത് കൊണ്ടുവന്നതെന്ന് ഇ പി അന്വേഷിക്കണമെന്ന് വി ഡി സതീശൻ.
കാലത്തിന്റെ കാവ്യനീതി ആണ് ഇതെന്നും ഒരു പേജ് ഉള്ള ഒരു കത്തിൽ നിന്ന് തുടങ്ങിയ ഈ തിരെഞ്ഞെടുപ്പ് ഇന്ന് 150 പേജുകളുള്ള പുസ്തകത്തിൽ അവസാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പരസ്പരം ഉള്ള ചെരിവാരിയെറിയാലാണ് സിപിഐഎമ്മിൽ ഉള്ളതെന്നും സതീശൻ കൂട്ടിച്ചേർത്തു.