കേരളത്തില്‍ ബിജെപിയുടെ മേല്‍ക്കൂര അത്ര ബലമാര്‍ന്നതല്ലെന്ന് മനസ്സിലാക്കാന്‍ വയനാട്ടിലേയും പാലക്കാടിന്റേയും ചേരക്കരയുടേയും പരാജയം ധാരണം മതിയാകും പാര്‍ട്ടിക്ക്. വിലയിരുത്തലില്‍ ഇടതുപക്ഷ വലതുപക്ഷ മുന്നണിയേക്കാളും ഒടുപടി മുന്നില്‍ നില്ക്കുന്ന ബിജെപിക്ക് എന്തായാലും അത് മനഃസിലാകാതെ പോകില്ല.
https://youtu.be/C6km8QsZ8G0?si=Fca9cvM6Y5f0fmTU
വിജയവോട്ടുകളുടെ ചര്‍ച്ചയേക്കാള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ബിജെപിയുടെ വോട്ട് ചോര്‍ച്ചയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന സി കൃഷ്ണകുമാറിനെ, അതും ബിജെപി കോട്ടയായ പാലക്കാട് ഇറക്കി നേട്ടംകൊയ്യാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ നിലംപൊത്തിയപ്പോള്‍ അത് അംഗീകരിക്കാനായിട്ടില്ല ബിജെപിക്ക്.
നഗരസഭയിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടന്നപ്പോള്‍ ബിജെപിയുടെ എല്ലാ പ്രതീക്ഷയും അവസാനിച്ചിരുന്നു. 2021ല്‍ ഇ ശ്രീധരന് മത്സരിച്ചപ്പോള്‍ നഗരസഭയില്‍ മാത്രം ആദ്ദേഹം ആറായിരം വോട്ടിന് മുന്നില്‍ എത്തിയിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ഡോ.പി സരിനും കടന്നു കയറിയതാണോ ബിജെപിയുടെ നേതൃത്വനിരയില്‍ വന്ന അപാകത തന്നെയാണോ ബിജെപിക്ക് തിരിച്ചടിയായിരിക്കുന്നതെന്നാണ് ചര്‍ച്ചാ വിഷയങ്ങള്‍.
എ ക്ലാസ് എന്ന് ബിജെപി കരുതിയ മണ്ഡലം, നേടാനായതിലും ഇടിവാണ് വന്നത്. പതിനായിരത്തോളം വോട്ടുകളാണ് കുറഞ്ഞത്. ഇത് നിസ്സാരവത്കരിച്ച് കാണാന്‍ ബിജെപിക്ക് സാധിക്കില്ലെന്നത് വ്യക്തമാണ്. കഴിഞ്ഞ തവണ ഇ ശ്രീധരന് 50,220 വോട്ടുകള്‍ നേടിയപ്പോള്‍ ഇക്കുറി കൃഷ്ണകുമാറിന് 39,529 വോട്ടുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ സരിന്റെ വരവ് ഇടത് മുന്നണിക്ക് നേട്ടമായി എന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടായിരത്തഞ്ഞൂറോളം വോട്ടുകള്‍ അധികം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
2001-ല്‍ എല്‍ഡിഎഫിന് 35622 വോട്ടുകളായിരുന്നെങ്കില്‍ ഇക്കുറി 37458 വോട്ടുകളാണ് നേടിയത്. ബിജെപിയുമായുള്ള വ്യത്യാസം കേവലം 2071 വോട്ടുകളിലേക്ക് എത്തിക്കാനും സരിന് കഴിഞ്ഞു. സന്ദീപ് വാര്യര്‍ ഇഫക്ട് എത്രത്തോളമുണ്ടെന്ന് ചോദ്യത്തിന്, പാലക്കാട്ടെ ബിജെപി തോല്‍വിയില്‍ ഒരു നായര്‍ക്കും വാര്യര്‍ക്കും പങ്കില്ലെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ മറുപടി.
സന്ദീപിന്റെ കൂറുമാറ്റമോ, സരിന്റെ കൂറുമാറ്റമോ രാഹുലിന്റെ അതിപ്രസരമോ ഒന്നുമല്ല ബിജെപിയുടെ തോല്‍വിക്ക് പിന്നിലെന്നത് തന്നെയാണ് പാര്‍ട്ടിയിലെ തന്നെ വിലയിരുത്തല്‍. നേതൃത്വമാറ്റം തന്നെയാണ് പാര്‍ട്ടിയും മുന്നോട്ടുവെയ്ക്കുന്നത്.
കുറഞ്ഞവോട്ടുകളുടെ എണ്ണം തന്നെയാണ് നേതൃത്വത്തിനെതിരെ വിരല്‍ ചൂണ്ടാന്‍ അണികളെ പ്രേരിപ്പിക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ വിമര്‍ശനത്തിന് തയ്യാറെടുക്കുകയാണ് കൂടുതല്‍ നേതാക്കള്‍.
സുരേന്ദ്രനെ നേതൃത്വനിരയില്‍ നിന്ന് ഇറക്കിയാല്‍ പാര്‍ട്ടി ശക്തിപ്രാപിക്കുമെന്നും അതുകൊണ്ടുതന്നെ സുരേന്ദ്രന് ആ സ്ഥാനം തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയുണ്ടായ ബിജെപിയുടെ വന്‍ പരാജയം പല നേതാക്കളേയും അതേ രീതിയില്‍ ചിന്തിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
സി കൃഷ്ണകുമാറെന്നത് സുരേന്ദ്രന്റെ വാശിയായതുകൊണ്ടുതന്നെ പാലക്കാട് മണ്ഡലത്തില്‍ ക്യാമ്പ് ചെയതായിരുന്നു സുരേന്ദ്രന് തന്ത്രങ്ങളൊക്കെയും മെനഞ്ഞത്, എന്നാല്‍ ആ തന്ത്രങ്ങളൊക്കെയും അടിവേരോടെ പാളിപോയി. സുരേന്ദ്രന് വളരെ കുറച്ച് മാത്രം പോയ ചേലക്കരയില്‍ പാര്‍ട്ടിക്ക് കൂടിയത് 9000 ത്തിലേറെ വോട്ടുകളാണ്.
അപ്പോള്‍ പിന്നെ അണികള്‍ അധ്യക്ഷനെതിരെ തിരിഞ്ഞില്ലെങ്കിലല്ലേ അതിശയമുള്ളൂ.. സംഘടനാ സംവിധാനത്തില്‍ പാളിച്ചകളുണ്ടായെന്ന് ബി ഗോപാലകൃഷ്ണനെ പോലുള്ള നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ച് തുടങ്ങിയിരിക്കുകയാണ്. എഫ് ബി പോസ്റ്റായും കമന്റായും നേതാക്കളുടെ വിമര്‍ശനങ്ങള്‍ വേറെയും സുരേന്ദ്രനെ വേട്ടയാടിതുടങ്ങിയിരിക്കുന്നു.
ശോഭ ഇറങ്ങാനിരുന്ന പാലക്കാട്, സുരേന്ദ്രന്റെ അതൃപ്തി മൂലം സി കൃഷ്ണകുമാറെത്തിയ സീറ്റ്, ശോഭ എന്ന ഓപ്ഷന് അവിടില്ലായിരുന്നെങ്കില്‍ സുരേന്ദ്രനിപ്പോള് ഇത്ര ഉരുകേണ്ടിവരുമായിരുന്നില്ല. ശോഭയായിരുന്നെങ്കില്‍ ഇതല്ല ഫലമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെയും നിലപാട്. കൃഷ്ണദാസ് പക്ഷവും അധ്യക്ഷനെതിരായ പടയൊരുക്കത്തിലാണ്.
സുരേന്ദ്രനില്‍ അടിയുറച്ച് വിശ്വസിച്ച ആര്‍എസ്എസിനും കിട്ടിയത് കനത്ത പ്രഹരംതന്നെ. സംഘടനാപ്രശ്നങ്ങളില്‍ സുരേന്ദ്രനൊപ്പം നിന്ന കേന്ദ്ര നേതൃത്വം ഇനി ഒന്ന് മാറ്റിച്ചിന്തിക്കാന്‍ സാധ്യതയേറെയാണ്. പരാജയം കനത്തതിരിച്ചടിയായി വന്നിരിക്കുമ്പോള്‍ സുരേന്ദ്രനെ മാറ്റണമെന്ന മുറവിളിയെ ഇനിയും കണ്ടില്ലെന്ന് വെയ്ക്കാന്‍ ദേശീയനേതൃത്വത്തിനും ഇനി കഴിയില്ല.