മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ ഹിന്ദി ട്രെയിലർ ലോഞ്ചിൽ മലയാള സിനിമകളെക്കുറിച്ച് പരാമർശിച്ച് മോഹൻലാൽ. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ബറോസിന്റെ ഹിന്ദി ട്രെയ്ലർ ലോഞ്ച് ചെയ്തത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്.
ലോഞ്ച് വേദിയിൽ മലയാള സിനിമാ ഇൻഡസ്ട്രി ചെറുതാണെങ്കിലും ഇന്ത്യൻ സിനിമാ മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കേരളം ഒരു ചെറിയ മാർക്കറ്റ് ആണ്. പക്ഷേ മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പല മലയാള സിനിമകളും പാൻ ഇന്ത്യൻ ലെവൽ വരെ എത്തിയിട്ടുണ്ട്.
അഭിമാനത്തോടെ പറയാൻ കഴിയും കാലാപാനി ഒരു പാൻ ഇന്ത്യൻ ചിത്രമാണെന്ന്. ആദ്യത്തെ സിനിമാ സ്കോപ് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ കൊണ്ടുവന്നത് മലയാളത്തിലാണ്, ആദ്യ ത്രീഡി ചിത്രം ഉണ്ടായത് മലയാളത്തിൽ നിന്നാണ്. ആദ്യത്തെ കോ പ്രൊഡക്ഷൻ, ഫ്രാൻസുമായി നടത്തിയ ചിത്രം വാനപ്രസ്ഥം ഉണ്ടായതും മലയാളത്തിൽ നിന്നാണ്. അത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാകാനാണ് മലയാള സിനിമ നോക്കുന്നത്, അതാണ് എന്റെ സ്വപ്നവും. ആ മാറ്റങ്ങളില്‍ ഞാൻ അഭിമാനിക്കുന്നു എന്ന് മോഹൻലാൽ പറഞ്ഞു.