ഇന്ദിരാഗാന്ധിയായി വേഷമിടുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ‘എമർജൻസി’ കാണാൻ പ്രിയങ്കാ ഗാന്ധിയെ ക്ഷണിച്ച് ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. പാർലമെന്റിൽ പ്രിയങ്കയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തന്റെ സിനിമ കാണണമെന്ന് കങ്കണ അഭ്യർഥിച്ചത്.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രധാനകഥാപാത്രമായി വരുന്ന ഈ സിനിമയുടെ സംവിധാനവും കഥയും ഒരുക്കിയിരിക്കുന്നത് കങ്കണയാണ് . സിനിമ കാണാൻ പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകിയതായി കങ്കണ പറഞ്ഞു. വളരെ ശ്രദ്ധയോട് കൂടിയാണ് താൻ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും ഇന്ദിരാഗാന്ധിയെ ക്യാമറയ്ക്ക് മുൻപിൽ അവതരിപ്പിക്കുമ്പോൾ ഒരുപാട് വെല്ലുവിളികൾ തനിക്ക് നേരിടേണ്ടി വന്നെന്നും കങ്കണ സൂചിപ്പിച്ചു.
ചിത്രം 2025 ജനുവരി 17 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സിനാണ്. അനുപം ഖേറാണ് ചിത്രത്തിൽ ജയപ്രകാശ് നാരായണായി എത്തുന്നത്. സഞ്ജയ് ഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്നത് മലയാളി താരം വിശാഖ് നായർ ആണ്.