സൗജന്യ ചികിത്സ നൽകുന്നതിനുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) സർക്കാർ കോടികൾ കുടിശ്ശിക വരുത്തിയതോടെ നിലച്ച സ്ഥിതിയിലായി. സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ നൽകുന്ന പദ്ധതിയാണ് ഇപ്പോൾ അവതാളത്തിൽ ആയിരിക്കുന്നത്. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതി വഴി സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ ലഭ്യമാക്കുകയായിരുന്നു സർക്കാർ ലക്ഷ്യം വെച്ചിരുന്നത്. 42 ലക്ഷം കുടുംബങ്ങളാണ് കേരളത്തിൽ കാസ്പിന്റെ ഗുണഭോക്താക്കൾ. അതിൽ 22 ലക്ഷം കുടുംബങ്ങൾക്കുള്ള ചികിത്സാ ചെലവിന്റെ 60 ശതമാനമാണ് കേന്ദ്രം വഹിക്കേണ്ടതെന്നും എന്നാൽ ഇത് നൽകാത്തത് പദ്ധതിക്ക് തടസ്സമായെന്ന് സംസ്ഥാനസർക്കാർ പറയുന്നു. അതേസമയം, കുടിശ്ശിക കൂടിയതോടെ പദ്ധതിയെ സ്വകാര്യ ആശുപത്രികൾ കൈവിട്ടിരിക്കുകയാണ്.
ഭൂരിഭാഗം ആശുപത്രികൾക്കും ലഭിക്കുവാൻ ഉള്ളത് കോടികളുടെ കുടിശ്ശികയാണ്. പല സ്വകാര്യ ആശുപത്രികളും നിലവിൽ പദ്ധതി നിർത്തിയിരിക്കുകയാണ്. രോഗികളോട് ഇപ്പോൾ സേവനം ലഭ്യമല്ലെന്ന മറുപടിയാണ് സ്വകാര്യ ആശുപത്രികൾ നൽകുന്നത്.സർക്കാർ ആശുപത്രികളിലും പദ്ധതി ഇനത്തിൽ കുടിശ്ശിക കോടികൾ തന്നെയാണ്. മെഡിക്കൽ കോളജുകൾ അടക്കം സർക്കാർ ആശുപത്രികളിൽ ആൻജിയോപ്ലാസ്റ്റിക്കുള്ള സ്റ്റെന്റും അപകടത്തിൽ പരുക്കേൽക്കുന്നവർക്ക് ഉപയോഗിക്കേണ്ട ഇംപ്ലാന്റുകളും വില കൂടിയ മരുന്നുകളും പുറത്തെ ഏജൻസികളിൽനിന്നാണു വാങ്ങുന്നത്. വൻ തുക കുടിശികയായതോടെ ഈ ഏജൻസികൾ മുൻകൂർ പണം നൽകാതെ സാധനങ്ങളും മരുന്നുകളും വിതരണം ചെയ്യില്ലെന്ന നിലപാടിലാണ്. കുടിശ്ശിക എന്ന് തീർക്കുമെന്ന കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് യാതൊരു വ്യക്തമായ മറുപടിയും ഇല്ല.
നിലവിൽ സംസ്ഥാനത്തെ ആശുപത്രികൾക്ക് നൽകാനുള്ള കുടിശിക 408 കോടി രൂപയാണ്. സ്വകാര്യ ആശുപത്രികൾക്കും, മെഡിക്കൽ കോളജുകൾക്കുമാണ് 408 കോടി രൂപ കുടിശികയുള്ളത്. ഇതിൽ 107 കോടി രൂപ കോഴിക്കോട് ജില്ലയിൽ മാത്രം സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ളതാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കിൽ പറയുന്നു. മലപ്പുറത്ത് 93 കോടിയിലേറെയാണ് നൽകാനുള്ളത്. 2020 ജൂലൈ മുതൽ 3,362 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ- സ്വകാര്യ ആശുപത്രികൾക്കായി സംസ്ഥാനം നൽകിയത്. 545 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിച്ചുവെന്നും കണക്കിൽ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികൾക്കുള്ള കുടിശിക നൽകാത്തത് മൂലം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തല തെറ്റുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ അലംഭാവം മൂലം പദ്ധതി തകർന്ന് തരിപ്പണം ആകുന്നതിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. കാസ്പിൽ എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളെല്ലാം കുടിശികയ്ക്കു വേണ്ടി കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്.
കുടിശിക ലഭിച്ചില്ലെങ്കിൽ പദ്ധതിയിൽ നിന്നു പിന്മാറുമെന്നാണു സ്വകാര്യ മെഡിക്കൽ കോളജുകൾ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. കേന്ദ്ര വിഹിതത്തിലെ വർധന പ്രതീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ് . പദ്ധതിച്ചെലവിന്റെ 60% എങ്കിലും നൽകണമെന്ന് മന്ത്രി വീണാ ജോർജ് കേന്ദ്ര മന്ത്രി ജെ.പി നദ്ദയോട് ആവശ്യപ്പെട്ടതിന് മറുപടി നൽകിയിട്ടില്ല. ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയം 1050 രൂപയാണ്. ഇതിൽ 23.97 ലക്ഷം കുടുംബങ്ങൾക്കു മാത്രമാണ് 631. 20 രൂപ വീതം കേന്ദ്രം നൽകുന്നത്. ഇതിന്റെ ബാക്കി വിഹിതവും ശേഷിക്കുന്ന 18.02 ലക്ഷത്തിന്റെ മുഴുവൻ പ്രീമിയവും സംസ്ഥാനമാണു നൽകുന്നത്. 70 വയസ്സു കഴിഞ്ഞവരുടെ സൗജന്യചികിത്സയുടെ കാര്യത്തിലും കേന്ദ്രം ഇതേ സമീപനം സ്വീകരിച്ചാൽ കേരളത്തിന് വലിയ ബാധ്യത ഉണ്ടാകും. നിലവിൽ ഒട്ടേറെ സ്വകാര്യ ആശുപത്രികളിൽ കാരുണ്യ സേവനങ്ങൾ ലഭിക്കുന്നില്ല. സ്വകാര്യ ആശുപത്രികൾ കാരുണ്യ പദ്ധതിയിൽ നിന്നും പിന്മാറുമ്പോൾ സാധാരണക്കാർക്ക് സർക്കാർ ആശുപത്രികൾ ആശ്രയമാകും എന്ന് കരുതിയെങ്കിലും അവിടെയും കണക്കുകൾ തെറ്റുകയാണ്. സർക്കാർ മെഡിക്കൽ കോളേജുകൾക്കും പദ്ധതി പ്രകാരം നൽകാനുള്ളത് സ്വകാര്യ ആശുപത്രിക്ക് നൽകാനുള്ളതിനേക്കാൾ ഇരട്ടിയാണ്.
അപകടത്തിൽ പരിക്കേൽക്കുന്നവർക്കുള്ള ഇംപ്ലാന്റുകളും ഹൃദ്രോഗ ചികിത്സക്കുള്ള ആൻജിയോപ്ലാസ്റ്റിക്ക് വേണ്ട സ്റ്റെന്റുകളും സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നൽകുന്നത് സ്വകാര്യ ഏജൻസികളാണ്. വൻതുകയാണ് ഇത്തരം ഏജൻസികൾക്ക് മെഡിക്കൽ കോളേജുകൾ നൽകാനുള്ളത്. അതിനാൽ മുൻകൂർ പണം നൽകാതെ ഉപകരണങ്ങളും മരുന്നുകളും മറ്റും നൽകാൻ ഏജൻസികൾ തയ്യാറാകുന്നുമില്ല. അതുകൊണ്ട് തന്നെ കാരുണ്യ പദ്ധതി നേരിടുന്ന പ്രതിസന്ധി കൂടുതൽ ഗുരുതരമാകാനാണ് സാധ്യത.